Punjab Hooch Tragedy: പഞ്ചാബിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം 21 ആയി; 10 പേർ അറസ്റ്റിൽ
Punjab Hooch Tradey Death Toll: പഞ്ചാബ് വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 21 പേരാണ് മരണപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ സൂത്രധാരൻ അടക്കം 10 പേർ പിടിയിലായി.

പഞ്ചാബിലെ അമൃത്സറിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണിത്. ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശത്തിൽ നിന്നുള്ളവരാണ് മരണപ്പെട്ടവരിൽ അധിക പേരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു.
സൂത്രധാരനായ സാഹിബ് സിംഗ് അടക്കമുള്ള പ്രതികളാണ് പിടിയിലായത്. മജിത ബ്ലോക്കിൽ വ്യാജമദ്യം വിതരണം ചെയ്തത് ഇവരായിരുന്നു. സംഭവത്തിൽ ഡിഎസ്പി അമോലാക് സിംഗ്, എസ്എച്ച്ഒ അവ്താർ സിംഗ് എന്നിവരെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി പഞ്ചാബ് പോലീസ് സസ്പൻഡ് ചെയ്തു. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. പ്രഭ്ജിത് സിംഗ്, കുൽബീർ സിംഗ്, നിന്ദെർ കൗർ, ഗുർജന്ത് സിംഗ്, അരുൺ. സിക്കന്ദർ സിംഗ് തുടങ്ങി വ്യാജമദ്യം വിതരണം ചെയ്തവരെയും പോലീസ് പിടികൂടി.
പ്രാഥമികാന്വേഷണത്തിൽ സാഹിബ് സിംഗ് 600 ലിറ്റർ മെഥനോൾ ഓൺലൈൻ ആയി ഓർഡർ ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. വ്യാജമദ്യം ഉണ്ടാക്കാൻ ഈ മെഥനോൾ ആണ് ഉപയോഗിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വ്യാജമദ്യം വിതരണം ചെയ്യപ്പെട്ടത്. ഇവരിൽ ചിലർ തിങ്കളാഴ്ച രാവിലെ തന്നെ മരണപ്പെട്ടെങ്കിലും പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു. ഇത് മരണമല്ല, കൊലപാതകമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്ന് സഹായം ഉണ്ടാവുമെന്നും അദ്ദേഹം കുറിച്ചു. അതേസമയം, വ്യാജമദ്യ നിർമ്മാണം തടയുന്നതിൽ ആം ആദ്മി സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്.