Train Luggage: ‘വിമാനത്തിൽ മാത്രമല്ല, ട്രെയിനിലും അധിക ലഗേജിന് പ്രത്യേകം പണം നൽകണം’; വിശദീകരിച്ച് കേന്ദ്രമന്ത്രി
Excessive Luggag In Trains: ട്രെയിനിലും സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് പരിധിയുണ്ടെന്ന് റെയിൽവേ മന്ത്രി. അധിക ലഗേജിന് പണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനിലും അധിക ലഗേജിന് പണം നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പാസഞ്ചർ കംപാർട്ട്മെൻ്റുകളിൽ കൊണ്ടുപോകാൻ കഴിയുന്ന ലഗേജുമായി ബന്ധപ്പെട്ട് ക്ലാസ് തിരിച്ച് പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകർ റെഡ്ഡി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം.
അധിക ലഗേജുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന രീതി ട്രെയിനിലും നടപ്പാക്കുമോ എന്നതായിരുന്നു തെലുഗു ദേശം പാർട്ടി എംപിയുടെ ചോദ്യം. ഇതിന് മറുപടിയായി, ട്രെയിൻ യാത്രികർക്ക് സൗജന്യ അലവൻസ് പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകാൻ അധിക ചാർജ് നൽകണമെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ക്ലാസ് തിരിച്ചുള്ള സൗജന്യ അലവൻസും പരമാവധി പരിധിയും അദ്ദേഹം വിശദമാക്കുകയും ചെയ്തു.
നിലവിൽ, സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിൻ്റെ അളവ് 35 കിലോഗ്രാം ആണ്. അധിക തുക നൽകിയാൽ 70 കിലോ വരെ കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോ വരെ സൗജന്യ അലവൻസും 80 കിലോ വരെ തുകയടച്ചും അനുവദിക്കും. എസി ത്രീ ടയർ, ചെയർ കാർ യാത്രക്കാർക്കും 40 കിലോ ആണ് സൗജന്യ പരിധി. ഫസ്റ്റ് ക്ലാസ്, എസി ടു ടയർ യാത്രക്കാർക്ക് പരമാവധി അനുവദിക്കുന്നത് 100 കിലോ ലഗേജാണ്. 50 കിലോ വരെ സൗജന്യം. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോ വരെ സൗജന്യമായും 150 കിലോ വരെ പ്രത്യേക തുക അടച്ചും കൊണ്ടുപോകാം.