VB-G RAM G: വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം
Mahatma Gandhi NREGA: ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയതല്ല, പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍ എന്ന പേരിലേക്ക് മാറ്റാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസായത്. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാര്‍ ബില്ലിന്റെ പകര്‍പ്പ് വലിച്ചുകീറി.
ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയതല്ല, പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ബാപു ഗ്രാമീണ്‍ റോസ്ഗര്‍ യോജന എന്ന പേര് മാറ്റുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍ എന്നാണ് പേര് മാറുന്നത്.
മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയില്‍ നിന്ന് നീക്കം ചെയ്യുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കലാണെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. കൂടാതെ ബില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഭാരം ചുമത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: MGNREG അല്ല ഇനി VB G RAM G; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
എന്നാല്‍ കോണ്‍ഗ്രസ് നെഹ്‌റുവിന്റെ പേര് മാത്രമാണ് നല്‍കിയിരുന്നതെന്നും, എന്നിട്ട് ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണെന്നും ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. സര്‍ക്കാരിന് പേരുകള്‍ മാറ്റാനുള്ള ഭ്രാന്താണെന്ന പ്രിയങ്ക ഗാന്ധിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. പേരുകള്‍ മാറ്റാനുള്ള ഭ്രാന്ത് പ്രതിപക്ഷത്തിനാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.