Republic Day: റിപ്പബ്ലിക് ദിന തലേന്ന് കണ്ടെടുത്ത് 10,000 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍
Republic Day 2026 Explosives Seizure: മേഖലയിലെ ആളൊഴിഞ്ഞ ഫാമില്‍ 187 ചാക്കുകളിലായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കണ്ടെടുത്തതെന്ന് നാഗൗര്‍ പോലീസ് സൂപ്രണ്ട് മൃദുല്‍ കച്ചാവ പറഞ്ഞു.
ജയ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് വന്‍ സ്‌ഫോടകശേഖരം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നാഗൗറിലെ ഹര്‍സൗര്‍ ഗ്രാമത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
മേഖലയിലെ ആളൊഴിഞ്ഞ ഫാമില്‍ 187 ചാക്കുകളിലായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കണ്ടെടുത്തതെന്ന് നാഗൗര്‍ പോലീസ് സൂപ്രണ്ട് മൃദുല്‍ കച്ചാവ പറഞ്ഞു. പെട്ടെന്ന് കണ്ടെത്താതിരിക്കാനായി നാല് വ്യത്യസ്ത മുറികളിലായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
ഇവയ്ക്ക് പുറമെ ഒന്‍പത് കാര്‍ട്ടണ്‍ ഡിറ്റണേറ്ററുകള്‍, 12 കാര്‍ട്ടണുകള്‍, 15 കെട്ടുകളിലായി നീല ഫ്യൂസ് വയര്‍, 5 കെട്ടുകളിലായി ചുവന്ന ഫ്യൂസ് വയര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, 2025 നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്നത് അമോണിയം നൈട്രേറ്റായിരുന്നു. അതിനാല്‍ തന്നെ അന്വേഷണം ചിലപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തേക്കും.
Also Read: Republic Day Train: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഹര്‍സൗര്‍ ഗ്രാമവാസിയായ സുലൈമാന്‍ ഖാന്‍ എന്നയാളെ സംഭവസ്ഥലത്ത് വെച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മുമ്പ് മൂന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ പലര്‍ക്കും സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്തതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.