Republic Day Terror Threat: റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതി; നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത
Republic Day Terror Threat Alert: രഹസ്യവിവരത്തെത്തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ആഘോഷവേളകളിൽ ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനാണ് പദ്ധതി. ആഘോഷം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Republic Day
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് (Republic Day Terror Threat) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് അതീവ ജാഗ്രതാനിർദ്ദേശം. ഡൽഹി ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളുടെയും ആക്രമമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.
രഹസ്യവിവരത്തെത്തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഹരിയാന, ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ആഘോഷവേളകളിൽ ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനാണ് പദ്ധതി. ആഘോഷം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ALSO READ: മോദി പച്ചക്കൊടി വീശി; ട്രാക്കില്‍ ‘അരങ്ങേറ്റം’ കുറിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍
ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഭീകര ഗ്രൂപ്പുകൾ ശക്തമാണെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. ഇതിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി, ഡൽഹിയിലെ ചെങ്കോട്ട, ഐഎസ്ബിടി കശ്മീരി ഗേറ്റ്, ചാന്ദ്‌നി ചൗക്ക്, ഖാരി ബാവോലി, സദർ ബസാർ, മെട്രോ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു.
റിപ്പബ്ലിക് ദിന പരേഡ്
റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് വിപുലമായ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും അടിസ്ഥാനമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോയാണ് ഇത്തവണ കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്.