Non Veg Milk Issue: ‘നോണ്‍ വെജ്’ പാല്‍ വേണ്ട, അമേരിക്കയോട് ഇന്ത്യയുടെ കടുംപിടുത്തം; കാരണം
Non Veg Milk Issue explained in Malayalam: നോണ്‍ വെജ് പാല്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. മാംസം അടങ്ങിയ കാലിത്തീറ്റ നല്‍കാത്ത പശുക്കളുടെ പാലാണ് ഇറക്കുമതി ചെയ്യുന്നതെന്ന കര്‍ശനമായ സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇന്ത്യ
ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയില്‍ ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതിയെച്ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടെയും നിലപാട് വിലങ്ങുതടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ‘നോണ്‍ വെജ്’ പാല്‍ ഇറക്കുമതി ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മൃഗങ്ങളുടെ മാംസം, രക്തം തുടങ്ങിയവ ചേര്‍ത്തുള്ള കാലിത്തീറ്റ വിദേശത്ത് പശുക്കള്‍ക്ക് നല്‍കാറുണ്ട്. ഇത് നോണ്‍ വെജ് പാലാണെന്നാണ് ഇന്ത്യയുടെ വാദം. ഇത് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. മാംസം അടങ്ങിയ കാലിത്തീറ്റ നല്‍കാത്ത പശുക്കളുടെ പാലാണ് ഇറക്കുമതി ചെയ്യുന്നതെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇന്ത്യ വ്യക്തമാക്കി.
രാജ്യത്ത് 1.4 ബില്യണിലധികം വ്യക്തികള്‍ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 8 കോടിയിലധികം പേര്‍ക്കാണ് ഈ മേഖലയിലൂടെ ജോലി ലഭിക്കുന്നത്. കൂടുതലും ചെറുകിട കര്‍ഷകരാണ്. ക്ഷീരമേഖലയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്ത്യ അനാവശ്യമായി വ്യാപാര തടസം സൃഷ്ടിക്കുകയാണെന്നാണ് അമേരിക്കയുടെ നിലപാട്. ലോക വ്യാപാര സംഘടനയില്‍ യുഎസ് ഇക്കാര്യം ഉന്നയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2024 നവംബറിൽ നടപ്പിലാക്കിയ ഇന്ത്യയുടെ ഡയറി സർട്ടിഫിക്കേഷനിൽ ഇത്തരം കാര്യങ്ങള്‍ പറയുന്നില്ലെന്നാണ് യുഎസ് വാദം.
എന്നാല്‍ സാംസ്‌കാരിക, വ്യാവസായിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്ന വലിയൊരു സമൂഹമുണ്ട്. അവര്‍ക്ക് നോണ്‍ വെജ് പാല്‍ ഉത്പന്നങ്ങള്‍ ഒരിക്കലും സ്വീകാര്യമാകില്ലെന്നതാണ് ഒരു കാരണം. മതപരമായ വിശ്വാസങ്ങളും ഇതില്‍ ഒരു ഘടകമാണ്.
കന്നുകാലിത്തീറ്റയും ‘നോണ്‍ വെജ്’?
കന്നുകാലി തീറ്റയില്‍ മാംസവും ഉള്‍പ്പെടുത്താറുണ്ടെന്ന് യുഎസ് ദിനപത്രമായ ദി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പന്നികളുടെ ഭാഗങ്ങള്‍, മത്സ്യം, ചിക്കന്‍, കുതിരകള്‍, എന്തിന് പട്ടികളെയും പൂച്ചകളെയും പോലും പശുക്കള്‍ക്ക് കഴിക്കാമെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കന്നുകാലികൾക്ക് പ്രോട്ടീനിനായി പന്നിയുടെയും കുതിരയുടെയും രക്തം ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒരു പശുവിന്റെ മാംസവും രക്തവും ഉപയോഗിച്ചുള്ള തീറ്റ കഴിക്കുന്ന മറ്റൊരു പശുവില്‍ നിന്ന് വെണ്ണയുണ്ടാക്കുന്നത് ഇന്ത്യയില്‍ ഒരിക്കലും അനുവദിച്ചേക്കില്ലെന്ന് ന്യൂഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജിടിആർഐ) അജയ് ശ്രീവാസ്തവ പറഞ്ഞു.
മുൻനിര പാൽ ഉൽപ്പാദകരായ ഇന്ത്യ, ദശലക്ഷക്കണക്കിന് ചെറുകിട ക്ഷീരകർഷകരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതി നമ്മെ ബാധിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ നിലപാട്.
അല്ലെങ്കില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. യുഎസില്‍ പാലുല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 1.03 ലക്ഷം കോടി രൂപ നഷ്ടം നേരിടേണ്ടി വരുമെന്നാണ് എസ്ബിഐയുടെ വിലയിരുത്തലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.