Sabarimala: ശബരിമല യുവതി പ്രവേശനം; ഇന്ന് വീണ്ടും വാദം കേൾക്കും
Sabarimala Women's Entry Case : അയ്യപ്പഭക്തരല്ലാത്തവർക്ക് എങ്ങനെ ക്ഷേത്ര ആചാരങ്ങളെ ചോദ്യം ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഭക്തരാരും ആചാരത്തെ ചോദ്യം ചെയ്തിട്ടില്ലെങ്കിൽ ക്ഷേത്രവുമായി ബന്ധമില്ലാത്ത ഒരാൾ നൽകുന്ന ഹർജി എന്തിന് സ്വീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ചോദിച്ചത്
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് വീണ്ടും വാദം കേൾക്കും. സുപ്രീം കോടതി ഭരണഘടന ബഞ്ചാണ് വാദം കേൾക്കുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് നടക്കുന്നത്. അതേസമയം,വിധി വന്നതിന് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം കഴിഞ്ഞ വാദത്തിനിടെ സുപ്രീംകോടതി ജസ്റ്റിസ് നാഗരത്ന ചോദിച്ചിരുന്നു. യുവതിപ്രവേശനത്തെ അനുകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.
മുമ്പ് നടന്ന വാദത്തിൽ അയ്യപ്പഭക്തരല്ലാത്തവർക്ക് എങ്ങനെ ക്ഷേത്ര ആചാരങ്ങളെ ചോദ്യം ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഭക്തരാരും ആചാരത്തെ ചോദ്യം ചെയ്തിട്ടില്ലെങ്കിൽ ക്ഷേത്രവുമായി ബന്ധമില്ലാത്ത ഒരാൾ നൽകുന്ന ഹർജി എന്തിന് സ്വീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ചോദിച്ചത്. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ വ്യക്തിപരമായ വിഷയങ്ങളാണെന്നും പരാതിയുള്ളവർക്ക് മാത്രമേ കോടതിയെ സമീപിക്കാൻ കഴിയൂ എന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നത്.
കോടതിയെ സമീപിക്കാൻ മടിയുള്ള ഹൈന്ദവ സ്ത്രീകൾക്ക് വേണ്ടിയാണ് ഈ ഹർജി നൽകിയതെന്ന് വിധിയെ അനുകൂലിക്കുന്ന മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചത്. 2018ലാണ് ശബരിമലയിൽ 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകി കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു വിധി.
ALSO READ: ശബരിമല നട അടച്ച സമയത്തെ ഫോട്ടോ ചിത്രീകരിച്ചു; പ്രമുഖ യൂട്യൂബർക്കെതിരെ കേസ്
പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വാദത്തിൽ പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. വിശ്വാസത്തിന്റെയും മനസ്സാക്ഷിയുടെയും വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിമതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ മുഖവിലക്കെടുക്കാതെ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ തുല്യത പരിശോധിക്കാൻ ആകുമോ എന്നും പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാൻ കോടതിക്ക് സാധിക്കില്ല ഒമ്പതംഗ ബെഞ്ച് നിരീക്ഷിച്ചു. പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തെ പരിശോധിക്കാൻ കോടതിക്കാവില്ലെന്നും നിരീക്ഷിച്ചു.
അതേസമയം, ആചാരങ്ങൾ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെങ്കിൽ അതിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം കണക്കാക്കാൻ ക്ഷേത്രത്തിന് ആവണമെന്ന് ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർക്കു വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാൽ ഇപ്പോഴും ആ വിധി നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഇല്ലാത്തതുകൊണ്ടാണ് ബിന്ദു അമ്മിണിക്കും കനകദുർഗ്ഗയ്ക്കും അല്ലാതെ മറ്റാർക്കും ശബരിമലയിൽ കയറാൻ സാധിക്കാത്തത്. വിവേചനം തടയുന്ന ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് ലംഘിക്കുന്ന ഒരാചാരവും കോടതി അംഗീകരിക്കരുത് എന്നും അഭിഭാഷക വാദിച്ചു.
English Summary:
The Supreme Court of India Constitution Bench is set to resume hearings in the Sabarimala women’s entry case, focusing on arguments supporting the entry of women into the temple. During earlier proceedings, the court raised questions about whether women who entered Sabarimala Temple after the 2018 verdict were genuine devotees.