Seema Haider: പഹൽഗാം ആക്രമണവുമായി ബന്ധമില്ല; സീമ ഹൈദർ ഹിന്ദു മതം സ്വീകരിച്ചതാണ്
Seema Haider In India: തന്നെ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്നും പാകിസ്താന്റെ മകളായിരുന്ന താൻ ഇപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും സീമാ ഹൈദർ നേരത്തെ പറഞ്ഞിരിന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചപ്പോൾ സീമാ ഹൈദർ ഇന്ത്യ വിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സച്ചിൻ മീണ, സീമ ഹൈദർ
ന്യൂഡൽഹി: പാകിസ്ഥാൻ വനിതയായിരുന്ന സീമ ഹൈദറിനെതിരായ (Seema Haider) തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം പുരോഗമിക്കുന്നതിനിടെ, അവർ ഹിന്ദു മതം സ്വീകരിച്ചുവെന്നും പഹൽഗാം ഭീകരാക്രമണവുമായി സീമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അഭിഭാഷകൻ. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ സച്ചിൻ മീണയെയാണ് സീമ വിവാഹം കഴിച്ചിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. തന്നെ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്നും പാകിസ്താന്റെ മകളായിരുന്ന താൻ ഇപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും സീമാ ഹൈദർ നേരത്തെ പറഞ്ഞിരിന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചപ്പോൾ സീമാ ഹൈദർ ഇന്ത്യ വിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സീമയെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധിപ്പിക്കരുതെന്നും അവരുടെ അഭിഭാഷകനായ എ പി സിംഗ് പറഞ്ഞു. സീമയുടെ രോഗാവസ്ഥിലുള്ള കുട്ടി ഇന്ത്യയിൽ ചികിത്സയിലാണെന്നും ഈ സമയത്ത് അവരോട് കരുണ കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ അവശ്യ രേഖകളും ഏജൻസികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിയമ നടപടിക്രമങ്ങൾക്കനുസൃതമായി അവ പരിശോധിച്ചുവരികയാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
സനാതന ധർമ്മത്തിലെ എല്ലാ നിയമങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായാണ് സീമ ഹിന്ദു മതം സ്വീകരിച്ചത്. വിവാദം കടുത്തതോടെ തനിക്ക് പാകിസ്ഥാനിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും. ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ അവർ പോസ്റ്റ് ചെയ്തിരുന്നു.
2023-ലാണ് ഇന്ത്യക്കാരനായ സച്ചിൻ മീണയെ വിവാഹം കഴിക്കുന്നതിന് പാകിസ്ഥാൻ വിട്ട സീമ ഹൈദർ വാർത്തകളിൽ ഇടം നേടിയത്. സ്വന്തം നാട്ടിൽ വിവാഹിതയായിരുന്ന സീമ, നാല് കുട്ടികളുമായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കുകയായിരുന്നു. 2023 മെയ് മാസത്തിലാണ് കറാച്ചിയിലെ വീട് ഉപേക്ഷിച്ച് സീമ ഹൈദർ ഇന്ത്യയിലേക്ക് വന്നത്. ജൂലൈയിൽ, ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ റബുപുര പ്രദേശത്ത് മീണയ്‌ക്കൊപ്പം താമസിക്കുന്നതായി അധികൃതർ കണ്ടെത്തി. 2019 ൽ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലായതെന്നും സീമ തുറന്നുപറഞ്ഞിരുന്നു.