TVK Stampede: മനസാക്ഷിയുടെ കാര്യമാണിത്! ‘വിജയ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു’: സെന്തിൽ ബാലാജി
Senthil Balaji against Vijay: നൂറുകണക്കിന് ചെരുപ്പുകളാണ് ദുരന്തം സംഭവിച്ച സ്ഥലത്ത് ചിതറിക്കിടുന്നത്. ഒരു വെള്ളക്കുപ്പിയോ ബിസ്ക്കറ്റ് കവറോ കാണാനില്ല. അനുവദിച്ച സമയത്ത് വിജയ് കൃത്യമായി എത്തിയിരുന്നെങ്കിൽ ദുരന്തം ഉണ്ടാവില്ലായിരുന്നു

Tvk Stampede
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഇല്ലെന്ന് സെന്തിൽ ബാലാജി എംഎൽഎ. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഭയാനകമായ ദുരന്തമാണ് ഉണ്ടായത് എന്നും, ഇത് മനസാക്ഷിയുടെ കാര്യമാണെന്നും സെന്തിൽ ബാലാജി വിജയ്ക്ക് മറുപടി നൽകി. മരിച്ചവരി 31 പേർ കരൂർ സ്വദേശികളാണ് മിക്കവരെയും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. ടിവികെ റാലിയിൽ പങ്കെടുക്കാൻ എത്തിയവർക്ക് കുടിവെള്ളം പോലും വിജയ് ഉറപ്പാക്കിയില്ലെന്നും സെന്തിൽ ബാലാജി കുറ്റപ്പെടുത്തി.
വീഡിയോയിലൂടെയാണ് സെന്തിൽ ബാലാജിയുടെ പ്രതികരണം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളം ആണെന്നും ആരുടെയും മേൽ പഴിചാരാനില്ലെന്നും അദ്ദേഹം പറഞ്ഞു. റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ടിവികെ ഒരുക്കിയിരുന്നില്ല. ഡിഎംകെ യോഗങ്ങളിൽ അങ്ങനെയല്ല എന്നും സെന്തിൽ ബാലേജി. റാലിയുടെ വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെന്തിൽ വിശദീകരിച്ചത്.
നൂറുകണക്കിന് ചെരുപ്പുകളാണ് ദുരന്തം സംഭവിച്ച സ്ഥലത്ത് ചിതറിക്കിടുന്നത്. ഒരു വെള്ളക്കുപ്പിയോ ബിസ്ക്കറ്റ് കവറോ കാണാനില്ല. അനുവദിച്ച സമയത്ത് വിജയ് കൃത്യമായി എത്തിയിരുന്നെങ്കിൽ ദുരന്തം ഉണ്ടാവില്ലായിരുന്നു. വിജയ് വരും മുമ്പേ പ്രശ്നങ്ങൾ തുടങ്ങിയിരുന്നെന്നും ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങിയിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിജയ്ക്കു നേരെ ചെരിപ്പ് എറിഞ്ഞുവെന്ന ആരോപണത്തിൽ മറ്റാരെങ്കിലും ശ്രദ്ധ ക്ഷണിക്കുവാൻ ആയി ചെരുപ്പ് എറിഞ്ഞതാകാമെന്നും ബാലാജി വിശദീകരിച്ചു.
കരൂരിൽ മാത്രമല്ല എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടയിരുന്നു. വിജയ് ആളുകളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണ്. സ്വന്തം പിഴവുകൾ മറച്ചുവെച്ച് സർക്കാരിന്മേൽ പഴിചാരാനാണ് ശ്രമം. എവിടെയെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ആളുകളെ സഹായിക്കാനായി അവിടേക്ക് പെട്ടെന്ന് എത്തുന്നത് തന്റെ ശീലമാണ്. അവരുടെ പാർട്ടി ഏതാണെന്ന് നോക്കിയല്ല താൻ കാര്യങ്ങളിൽ ഇടപെടാറുള്ളത്. അല്ലാതെ താൻ എന്തു ചെയ്യണം ആയിരുന്നു എന്നും ടിക്കറ്റ് എടുത്ത് ചെന്നൈയ്ക്ക് പോകണമായിരുന്നോ എന്നും വിജയ് യെ പരിഹസിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ മറ്റ് പാർട്ടിക്കാരും അവിടെയുണ്ടായിരുന്നുവെന്നും സെന്തിൽ ബാലാജി.
കഴിഞ്ഞദിവസം കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ഡിഎംകെ കുറ്റപ്പെടുത്തി കൊണ്ട് വിജയ് വീഡിയോയുമായി എത്തിയിരുന്നു. കൂടാതെ കരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തിരുന്നു. ജീവനൊടുക്കിയ നേതാവിന്റെ മരണക്കുറിപ്പിൽ എംഎൽഎ സെന്തിൽ ബാലാജിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിശദീകരണവുമായി സെന്തിൽ രംഗത്തെത്തിയിരിക്കുന്നത്