Supreme Court: ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല; സുപ്രീം കോടതി
Supreme Court On Life Sentence: 14 വർഷത്തിനുമുകളിൽ ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നും അത് ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന് കേസിലെ പ്രതിയുടെ ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമർപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു.
ന്യൂഡൽഹി: ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി (Supreme Court). കൊലപാതകക്കേസുകളിൽ പ്രതികൾക്ക് ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ ഭരണഘടന കോടതികൾക്ക് മാത്രമാണ് അധികാരമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ അമാനുള്ള, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കർണാടക സ്വദേശിയുടെ അപ്പീലിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ശാരീരികബന്ധം എതിർത്തതിന് പിന്നാലെ ബന്ധുകൂടിയായ സ്ത്രീയെ പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയാണ് കൊലപ്പെടുത്തിയത്.
കേസിൽ ക്രിമിനൽ നടപടിക്രമ ചട്ടത്തിലെ സെക്ഷൻ 428 പ്രകാരമുള്ള ഇളവിന്റെ ആനുകൂല്യം പ്രതിക്ക് നൽകണോയെന്നത് മാത്രമാണ് പരിഗണിച്ചതെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവ് എന്നതിന്റെ അർഥം ജീവിതാവസാനം വരെ എന്നാണ്. എന്നാൽ അത് ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവയ്ക്കും സിആർപിസി ചട്ടത്തിനും വിധേയമായ ഇളവിന്റെ ആനുകൂല്യത്തോടെ മാത്രമേ വിധിക്കാനാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം.
14 വർഷത്തിനുമുകളിൽ ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നും അത് ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന് കേസിലെ പ്രതിയുടെ ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമർപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു.