Delhi flights cancelled: മൂടൽമഞ്ഞ് പണിയായി, ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി
Delhi Airport Flight Cancellations Due to Fog: വിമാനങ്ങൾക്ക് പുറമെ ഡൽഹിയിലേക്കുള്ള നിരവധി ദീർഘദൂര ട്രെയിനുകളും മൂടൽമഞ്ഞ് കാരണം മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മൂടൽമഞ്ഞ് അതിരൂക്ഷമായതിനെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റി. ദൃശ്യപരത തീരെ കുറഞ്ഞതിനെ തുടർന്ന് ഇന്ന് 129 വിമാന സർവീസുകൾ റദ്ദാക്കി. ഇതിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 63 വിമാനങ്ങളും വിവിധ നഗരങ്ങളിൽ നിന്ന് ഇവിടേക്ക് എത്തേണ്ട 66 വിമാനങ്ങളും ഉൾപ്പെടുന്നു. പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് റൺവേയിലെ ദൃശ്യപരത ഗണ്യമായി കുറച്ചു. ഇത് വിമാനങ്ങൾ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും തടസ്സമായി.
മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതും സമയം വൈകുന്നതും വിമാനത്താവളത്തിൽ വലിയ തിരക്കിനും യാത്രക്കാരുടെ പ്രതിഷേധത്തിനും കാരണമായി. പലർക്കും മണിക്കൂറുകളോളം ടെർമിനലുകളിൽ കാത്തിരിക്കേണ്ടി വന്നു. സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകാനോ മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യപ്പെടുത്താനോ എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിമാനത്താവള അതോറിറ്റിയുടെ വിശദീകരണം
“ഡൽഹി വിമാനത്താവളത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” എന്ന് വിമാനത്താവള ഓപ്പറേറ്റർ അറിയിച്ചു. പ്രതിദിനം 1,300-ഓളം സർവീസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.
ട്രെയിൻ സർവീസുകളെയും ബാധിച്ചു
വിമാനങ്ങൾക്ക് പുറമെ ഡൽഹിയിലേക്കുള്ള നിരവധി ദീർഘദൂര ട്രെയിനുകളും മൂടൽമഞ്ഞ് കാരണം മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യയിൽ ശൈത്യതരംഗം കടുക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഗതാഗത തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.