Shashi Tharoor: അദ്വാനിയെ പുകഴ്ത്തി ശശി തരൂർ; പാർട്ടിക്ക് പങ്കില്ലെന്ന് കോൺഗ്രസ്
Shashi Tharoor Praises LK Advani: ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്നായിരുന്നു തരൂരിന്റെ പോസ്റ്റ്. അദ്വാനി യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനാണെന്നും, അദ്ദേഹത്തിന്റെ സേവനജീവിതം മാതൃകാപരമാണെന്നും തരൂർ പറഞ്ഞു.

Shashi Tharoor
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ വിമർശനം. അദ്വാനിക്ക് 98ാം പിറന്നാൾ ആശംസ നേർന്നുകൊണ്ട് എക്സിൽ പങ്കുവെച്ച ആശംസകുറിപ്പിലായിരുന്നു പുകഴ്ത്തൽ. തരൂർ സ്വന്ത അഭിപ്രായമാണ് പറഞ്ഞതെന്നും പാർട്ടിക്ക് പങ്കില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്നായിരുന്നു തരൂരിന്റെ പോസ്റ്റ്. അദ്വാനി യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനാണെന്നും, അദ്ദേഹത്തിന്റെ സേവനജീവിതം മാതൃകാപരമാണെന്നും തരൂർ പറഞ്ഞു. തുടർന്ന് തരൂരിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണുയർന്നത്.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്ന അദ്വാനിയുടെ രഥയാത്രയെ ഒരഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോൾ, തരൂർ നൽകിയ മറുടി കോൺഗ്രസിനെ ചൊടിപ്പിച്ചു. അദ്വാനിയുടെ നീണ്ട വര്‍ഷത്തെ സേവനത്തെ, എത്ര പ്രധാനപ്പെട്ടതാണെങ്കിലും, ഒരു സംഭവത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്ന് തരൂര്‍ ന്യായീകരിച്ചു. ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്റുവിന്റെ കരിയറിനെയും അടിയന്തരാവസ്ഥ മാത്രം പരിഗണിച്ച് ഇന്ദിരാഗാന്ധിയേയും വിലയിരുത്തരുതെന്നും ഇതേ പരിഗണന അദ്വാനിക്കും നല്‍കണമെന്നും തരൂർ പറഞ്ഞു.
ALSO READ: ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി അസം; ബാധിക്കപ്പെട്ട സ്ത്രീകൾക്ക് നഷ്ടപരിഹാരം
തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അംഗമായ തരൂരിന് ബാധ്യതയുണ്ടെന്ന് പാര്‍ട്ടി വക്താവ് പവൻ ഖേര ഓർമ്മിപ്പിച്ചു. ‘എപ്പോഴത്തേയുംപോലെ, തരൂര്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. കോണ്‍ഗ്രസ് അതില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നുവെന്നും’ പവന്‍ ഖേര എക്‌സില്‍ കുറിച്ചു.