Teacher Hits Students With Lunch Box: ക്ലാസിൽ മോശമായി പെരുമാറി; വിദ്യാര്‍ത്ഥിനിയുടെ തലയില്‍ അധ്യാപിക ചോറ്റുപാത്രം കൊണ്ടിടിച്ചു; തലയോട്ടിക്ക് പൊട്ടല്‍
Teacher Hits Students With Lunch Box: പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് നടത്തിയ ചികിത്സയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്.

Skull Fracture
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിൽ ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത. വിദ്യാർത്ഥിയുടെ തലയിൽ ചോറ്റുപാത്രം കൊണ്ടിടിച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. ചിറ്റൂര്‍ ജില്ലയിലെ പുങ്ങന്നൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. അടിയേറ്റ് വിദ്യാർത്ഥിയുടെ തലയോട്ടിക്ക് പൊട്ടലേറ്റു.
ഹിന്ദി അധ്യാപികയായ സലീമ ബാഷയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി സാത്വിക നാഗശ്രിയെ ചോറ്റുപാത്രം കൊണ്ട് ഇടിച്ചത്. ക്ലാസിൽ മോശമായി പെരുമാറിയെന്ന് കാണിച്ചായിരുന്നു അധ്യാപിക വിദ്യാർത്ഥിനിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 10 നാണ് കുട്ടിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്.
ഇതേ സ്‌കൂളിൽ സയൻസ് അധ്യാപികയാണ് കുട്ടിയുടെ അമ്മ വിജേത. എന്നാല്‍ സംഭവം നടന്ന് ആദ്യം പരിക്കിന്റെ ഗൗരവം മാതാപിതാക്കൾക്ക് മനസിലായിരുന്നില്ല. എന്നാൽ പിന്നീട് പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് നടത്തിയ ചികിത്സയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലെ ചികില്‍സയ്ക്ക് ശേഷമാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്കാനിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചത്.
Also Read: 600 കിലോമീറ്റർ യാത്ര ചെയ്ത് ഫേസ്ബുക്ക് കമിതാവിനെ കാണാനെത്തി; 37 കാരിയെ കൊലപ്പെടുത്തി കാമുകൻ
ഇതോടെ അധ്യാപിക സലീമയ്ക്കും പ്രിന്‍സിപ്പാല്‍ സുബ്രമണ്യത്തിനും എതിരെ പോലീസില്‍ കുടുംബം പരാതി നല്‍കി. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇതിനു മുൻപും ആന്ധ്രാപ്രദേശിൽ സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വിശാഖപട്ടണത്ത് അധ്യാപകന്‍റെ ആക്രമണത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞിരുന്നു. ഇരുമ്പ് മേശയില്‍ വിദ്യാര്‍ഥിയുടെ കൈ ഇടിപ്പിച്ചായിരുന്നു ക്രൂരത. കയ്യില്‍ മൂന്നിടത്താണ് പൊട്ടലുണ്ടായത്.