Supreme Court: ബലാത്സംഗ പരാതി നൽകി യുവതിയുടെ പ്രതികാരം, എഫ്‌ഐആർ റദ്ദാക്കി സുപ്രീംകോടതി
Supreme Court quashes FIR: മുനിസിപ്പൽ അധികാരികൾക്ക് പരാതി നൽകുകയും അവർ യുവതിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി റദ്ദാക്കി. സഹപ്രവർത്തകയായ കമ്പ്യൂട്ടർ ഓപ്പറേറ്റർ പരാതി നൽകിയത് പ്രതികാരത്തിന്റെ ഭാഗമായാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ റദ്ദാക്കിയത്.
സുഹാഗി മുനിസിപ്പൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് റെവന്യൂ ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന സുരേന്ദ്ര ഖാവ്സെയ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. 2023 മാർച്ച് 15-ന് ഓഫീസ് സമയത്തിന് ശേഷം സുരേന്ദ്ര ഖാവ്സെ പരാതിക്കാരിയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു കേസ്. അവർ എതിർക്കുകയും വിസമ്മതിക്കുകയും ചെയ്തപ്പോൾ വിവാഹം ചെയ്യാമെന്ന ഉറപ്പ് നൽകി. 2023 ഏപ്രിൽ 10 വരെ ഈ ബന്ധം തുടർന്നെന്നും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ സുരേന്ദ്ര ഖാവ്സെ വിസമ്മതിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
2023 ഏപ്രിൽ 24 ന്, പരാതിക്കാരി തനിക്ക് യാതൊരു ബന്ധമോ ഇടപാടോ വേണ്ടെന്നും ആത്മഹത്യ ചെയ്യുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് സുരേന്ദ്ര ഖാവ്സെ പൊലീസിൽ പരാതി നൽകി. തന്റെ വസതിയിൽ എത്തി അസഭ്യം പറയുകയും എലിവിഷം കഴിക്കുകയും ചെയ്തുവെന്ന് അയാൾ ആരോപിച്ചു.
മുനിസിപ്പൽ അധികാരികൾക്ക് പരാതി നൽകുകയും അവർ യുവതിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. സ്വയം തിരുത്തണമെന്നും അല്ലാത്തപക്ഷം അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും അവർ ആവശ്യപ്പെട്ടു.
തുടർന്ന് 2023 ഒക്ടോബർ 13 ന് യുവതി എഫ്‌ഐആർ ഫയൽ ചെയ്തു. സുരേന്ദ്ര ഖാവ്സെയും പരാതിക്കാരിയും കഴിഞ്ഞ അഞ്ച് വർഷമായി സഹപ്രവർത്തകരായിരുന്നുവെന്നും ഈ സമയത്ത് എവിടെയോ അവരുടെ ബന്ധം പുരോഗമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായി നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി വ്യക്തമാക്കി.