Modi Govt @ 11: നക്‌സലിസത്തെ തകര്‍ത്തെറിഞ്ഞ 11 വര്‍ഷങ്ങള്‍; മോദി സര്‍ക്കാരിന്റെ നേട്ടങ്ങളിലെ പൊന്‍തൂവല്‍
Anti Naxal Operation: ഗുരുതരമായ ആഭ്യന്തര ഭീഷണിയായാണ് കേന്ദ്രം മാവോയിസ്റ്റുകളുടെ ആക്രമണത്തെ വിലയിരുത്തിയത്. ഇതിന് അറുതി വരുത്തുകയായിരുന്നു അധികാരികളുടെ ലക്ഷ്യവും

Anti Naxal Operations-File pic
നക്സലിസത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാവോയിസം രാജ്യത്തിന് നല്‍കിയ തലവേദന ചെറുതല്ല. സാധാരണക്കാരെയും, നിരപരാധികളെയും ലക്ഷ്യമിട്ടുള്ള മാവോയിസ്റ്റുകളുടെ ആക്രമണം, അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നെത്തുന്ന തീവ്രവാദം പോലെ വലിയ പ്രതിസന്ധിയായിരുന്നു. ഗുരുതരമായ ആഭ്യന്തര ഭീഷണിയായാണ് കേന്ദ്രം മാവോയിസ്റ്റുകളുടെ ആക്രമണത്തെ വിലയിരുത്തിയത്. ഇതിന് അറുതി വരുത്തുകയായിരുന്നു അധികാരികളുടെ ലക്ഷ്യവും. 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാര്‍ നക്‌സലിസം എന്ന ആഭ്യന്തര പ്രശ്‌നത്തിന്റെ വ്യാപ്തി നന്നായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്റഗ്രേറ്റഡ് ആക്ഷന്‍ പ്ലാനും, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും ആരംഭിച്ചു.
ഈ പദ്ധതികള്‍ ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പുകളായിരുന്നെങ്കിലും പൂര്‍ണമായ ഫലപ്രാപ്തിയിലെത്തിയില്ല. തല്‍ഫലമായി നക്‌സലിസം പൂര്‍ണാര്‍ത്ഥത്തില്‍ വീണ്ടും ശക്തി പ്രാപിച്ചു. ഒപ്പം നക്‌സലിസം എന്ന ആഭ്യന്തര ഭീഷണി കൂടുതല്‍ ശക്തവുമായി.
2014ല്‍ അധികാരമേറ്റ എന്‍ഡിഎ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇത് തന്നെയായിരുന്നു. എങ്കിലും മാവോയിസത്തെ തുടച്ചുനീക്കുക എന്ന നിശ്ചയദാര്‍ഝ്യം പ്രകടമായിരുന്നു. ആക്രമണങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നായിരുന്നു സമീപനം. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നതുവരെ ചര്‍ച്ചയ്ക്കില്ലെന്നും കേന്ദ്രം അസന്നിഗ്ധം പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സമീപനം കേന്ദ്രം തുടര്‍ന്നു.
തുടര്‍ന്ന് ഓപ്പറേഷന്‍ പ്രഹാര്‍, ഓപ്പറേഷന്‍ ഒക്ടോപസ് തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. തല്‍ഫലമായി മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ ഇല്ലാതാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. പഴുതടച്ച നിരീക്ഷണസംവിധാനമായിരുന്നു ദൗത്യത്തിന്റെ മുഖമുദ്ര. ചിലര്‍ നക്‌സലിസം ഉപേക്ഷിച്ച് കീഴടങ്ങാന്‍ തയ്യാറായി. നക്‌സലുകളുമായി ബന്ധപ്പെട്ട ആക്രമങ്ങള്‍ 77 ശതമാനം കുറഞ്ഞെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
ദൗത്യങ്ങള്‍ നിരവധി നടന്നെങ്കിലും അതില്‍ അതിപ്രധാനമായിരുന്നു ‘ഓപ്പറേഷന്‍ കാഗര്‍’. ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയില്‍ നടന്ന ഈ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ ആഭ്യന്തര തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവായിരുന്നു.
നിരവധി അര്‍ധ സൈനികരെയാണ് ദൗത്യത്തിനായി വിനിയോഗിച്ചത്. മൂന്ന് വനിതാ മാവോയിസ്റ്റുകളടക്കം കൊല്ലപ്പെട്ടു. 44 പേര്‍ കീഴടങ്ങി. ദുര്‍ഘടമായ പ്രദേശമായിരുന്നുവെന്നതാണ് വെല്ലുവിളി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെല്ലുവിളികളെയെല്ലാം അതിജീവിച്ചു. ആയുധം കൈവശം വച്ചിരിക്കുന്ന, നിരപരാധികളെ കൊലപ്പെടുത്തുന്ന മാവോസിസ്റ്റുകളോട് ചര്‍ച്ചയ്ക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാടാണ് ഈ വിജയത്തിനാധാരം.