Tatkal ticket booking: ഇനി തത്ക്കാൽ ടിക്കറ്റ് മിസ്സാകില്ല, ചില ട്രിക്കുകൾ ഇതാ…
Strategies and New Rules for Tatkal Ticket Booking: തെറ്റായ കാപ്ച നൽകുക, വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുക തുടങ്ങിയ പിഴവുകൾ ബുക്കിംഗ് പരാജയപ്പെടാൻ കാരണമാകും. അതിനാൽ വേഗതയും കൃത്യതയും ഉറപ്പാക്കി തത്കാൽ ടിക്കറ്റ് സ്വന്തമാക്കാം
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അടിയന്തിര യാത്രാ ബുക്കിങ് സംവിധാനമായ തത്കാൽ ടിക്കറ്റുകൾ സ്വന്തമാക്കുക എന്നത് ഒരു ‘സമയബന്ധിത പരീക്ഷ’ പോലെ സമ്മർദ്ദമുള്ള കാര്യമാണ്. സീറ്റ് ഉറപ്പാക്കി പണമടയ്ക്കുമ്പോഴേക്കും വെയിറ്റിങ് ലിസ്റ്റിലേക്ക് പോകുന്ന അവസ്ഥ പലർക്കും നിരാശ നൽകുന്നു. നിയമങ്ങൾ കൃത്യമായി പാലിച്ച്, വേഗത്തിൽ നീങ്ങിയാൽ തത്കാൽ ടിക്കറ്റ് ഉറപ്പിക്കാം.
തത്കാൽ ബുക്കിംഗ് എപ്പോൾ?
ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നത്.
- AC ക്ലാസുകൾ (1A, 2A, 3A, CC, EC): രാവിലെ 10 മണിക്ക്.
- നോൺ-AC ക്ലാസുകൾ (സ്ലീപ്പർ, 2S): രാവിലെ 11 മണിക്ക്.
നിങ്ങൾ ലോഗിൻ ചെയ്യാനോ വിവരങ്ങൾ നൽകാനോ വൈകുന്ന ഓരോ സെക്കൻഡും ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറയ്ക്കും. ലോക്കൽ, പാസഞ്ചർ ട്രെയിനുകൾക്ക് തത്കാൽ ബാധകമല്ല. തത്കാൽ ടിക്കറ്റ് ഉറപ്പാക്കാൻ മികച്ച തയ്യാറെടുപ്പ് അത്യാവശ്യമാണ്.
ഇതിനായി യാത്രക്കാരുടെ പേര്, വയസ്, യാത്രാവിവരങ്ങൾ എന്നിവ മുൻകൂട്ടി മാസ്റ്റർ ലിസ്റ്റിൽ സൂക്ഷിക്കുക. ഇത് ലോഗിൻ ചെയ്ത ശേഷം സമയം ലാഭിക്കാൻ സഹായിക്കും. UPI, IRCTC ഇ-വാലറ്റ്, നെറ്റ് ബാങ്കിങ് തുടങ്ങിയ വേഗതയേറിയ പണമടയ്ക്കൽ രീതികൾ തിരഞ്ഞെടുക്കുക. പേയ്‌മെൻ്റ് പൂർത്തിയാക്കിയ ശേഷം മാത്രമേ ടിക്കറ്റ് ഉറപ്പാക്കാനാകൂ. നിശ്ചിത സമയത്തിന് അൽപ്പം മുമ്പായി IRCTC വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. സെഷൻ കാലഹരണപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
പുതിയ നിയമങ്ങളും നിരക്കുകളും
- തത്കാൽ ടിക്കറ്റുകൾക്ക് സാധാരണ നിരക്കിനേക്കാൾ അധിക തുക ഈടാക്കുന്നുണ്ട് (ഉദാഹരണത്തിന്, സ്ലീപ്പറിന് 100-200, 3A-ക്ക് 300- 400). മുതിർന്ന പൗരന്മാർക്ക് ഇളവുകൾ ലഭ്യമല്ല.
- സുതാര്യത ഉറപ്പാക്കാൻ റെയിൽവേ പുതിയ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്:
- ഏജൻ്റുമാർക്ക് നിശ്ചിതസമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.
- വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ലഭ്യമല്ല; സ്ഥിരീകരിച്ച ടിക്കറ്റുകൾ മാത്രമേ തത്കാലിൽ നൽകുകയുള്ളൂ.
- ബൾക്ക് ബുക്കിംഗ് ഒഴിവാക്കാൻ ഒരു യൂസർ ഐഡിയിൽ ഒരു ട്രെയിനിൽ ഒരു ടിക്കറ്റ് മാത്രമേ അനുവദിക്കൂ.
- സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. ട്രെയിൻ റദ്ദാക്കിയാൽ മാത്രമേ പണം തിരികെ ലഭിക്കൂ.
- തെറ്റായ കാപ്ച നൽകുക, വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുക തുടങ്ങിയ പിഴവുകൾ ബുക്കിംഗ് പരാജയപ്പെടാൻ കാരണമാകും. അതിനാൽ വേഗതയും കൃത്യതയും ഉറപ്പാക്കി തത്കാൽ ടിക്കറ്റ് സ്വന്തമാക്കാം.