Supreme Court: കരാറുണ്ടെങ്കിലും വാടകക്കാർക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ല; സുപ്രീം കോടതിയുടെ സുപ്രധാന വിധി
Supreme Court's Landmark Ruling About Rented Property: 1953 മുതൽ നിലനിൽക്കുന്ന ജ്യോതി ശർമ്മ vs വിഷ്ണു ഗോയൽ വാടക തർക്ക കേസിലാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും കെ. വിനോദ് ചന്ദ്രനുമാണ് വിധി പ്രസ്താവിച്ചത്
ന്യൂഡല്‍ഹി: വാടകക്കരാര്‍ പ്രകാരം വസ്തു കൈവശപ്പെടുത്തുന്ന വാടകക്കാരന് ഭൂവുടമയുടെ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്യാനോ പ്രതികൂല കൈവശാവകാശം (adverse possession) വഴി സ്വത്തിന്മേൽ അവകാശം ഉന്നയിക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഭൂവുടമകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. 1953 മുതൽ നിലനിൽക്കുന്ന ജ്യോതി ശർമ്മ vs വിഷ്ണു ഗോയൽ എന്ന വാടക തർക്ക കേസിലാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും കെ. വിനോദ് ചന്ദ്രനുമാണ് വിധി പ്രസ്താവിച്ചത്.
ഈ കേസിലെ വിചാരണ കോടതി, അപ്പീൽ കോടതി, ഡൽഹി ഹൈക്കോടതി എന്നിവയുടെ വിധി സുപ്രീംകോടതി അസാധുവാക്കിയെന്ന് ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു. 1953ൽ റാംജി ദാസ് എന്നയാളില്‍ നിന്ന് വാടകയ്ക്ക് എടുത്ത ഒരു കടയുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.
വാടകക്കാർ റാംജി ദാസിനും പിന്നീട് അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കും മുടങ്ങാതെ വാടക നല്‍കിയിരുന്നു. 1953ലെ ഒരു കരാര്‍, 1999 മെയ് 12ലെ വില്‍പത്രം എന്നിവ പ്രകാരം റാംജി ദാസിന്റെ മരുമകളായ ജ്യോതി ശർമ്മയ്ക്ക് സ്വത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചു. തുടര്‍ന്ന് തന്റെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കട ഒഴിയാന്‍ ജ്യോതി ശര്‍മ വാടകക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വാടകക്കാര്‍ ഉടമസ്ഥാവകാശം ചോദ്യം ചെയ്തു.
സ്വത്ത് റാംജി ദാസിന്റെ അമ്മാവനായ സുവാ ലാലിന്റേതാണെന്നും വിൽപത്രം വ്യാജമാണെന്നും അവർ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. കീഴ്‌ക്കോടതികളുടെ കണ്ടെത്തലുകള്‍ തെളിവുകൾക്ക് നിരക്കാത്തതും യുക്തിരഹിതവുമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. വാടകക്കാർ സ്ഥിരമായി വാടക നൽകിയിട്ടുണ്ടെന്നും ഇത് ഭൂവുടമ-വാടകക്കാരൻ ബന്ധം സ്ഥിരീകരിക്കുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരു വാടകക്കാരൻ സാധുവായ വാടകക്കരാർ പ്രകാരം ഭൂവുടമയുടെ ഉടമസ്ഥാവകാശം അംഗീകരിച്ച് പ്രവേശിക്കുകയും വാടക നൽകുകയും ചെയ്താൽ, പിന്നീട് ഭൂവുടമയുടെ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്യാന്‍ അയാൾക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വാടകക്കാർക്ക് ഒഴിഞ്ഞു പോകാൻ കോടതി ആറുമാസത്തെ സമയം അനുവദിച്ചു.