Operation Akhal: ഓപ്പറേഷൻ അഖൽ! കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ചു; മറ്റുള്ളവരെ കീഴ്‌പ്പെടുത്താൻ ശ്രമം തുടരുന്നു
Operation Akhal In Kulgam: ഇന്നലെ രാത്രി മുതലാണ് കുൽഗാമിലെ അഖൽ വന മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഓപ്പറേഷൻ അഖൽ എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായാണ് സൈന്യം പുറത്തുവിടുന്നത്. കൊല്ലപ്പെട്ട സൈനികരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാത്രി മുതലാണ് കുൽഗാമിലെ അഖൽ വന മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യം അതിശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട്.
മൂന്ന് ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നാണ് ആദ്യം വിവരം ലഭിച്ചത്. ഇവരിൽ രണ്ട് പേരെ മാത്രമാണ് വധിച്ചത്. മൂന്നാമത്തെയാളെ കീഴ്പ്പെടുത്താൻ ശ്രമം തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നലെ രാത്രി മുതൽ കുൽഗാമിൽ സംഘർഷ സാഹചര്യമായിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഭാഗമായ ഭീകരരെ വധിച്ച ഓപ്പറേഷൻ മഹാദേവിന് ശേഷമുള്ള ദൗത്യമാണിത്.
സംഘർഷം തുടരുന്നതിനാൽ മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ ആയുധങ്ങളും എത്തിച്ചു. ഭീകരരുടെ പേരോ ഇവർ ഏത് സംഘത്തിൽപെട്ടവരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരർ ഉൾപ്പെടെ ആറ് ഭീകരരെയാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സൈന്യം ഏറ്റുമുട്ടലുകളിൽ വധിച്ചത്.