Himachal brothers Viral Wedding: രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം കഴിച്ച് യുവതി; സംസ്കാരത്തിൽ അഭിമാനം ഉണ്ടെന്ന് യുവാക്കൾ
Two Himachal Brothers Marry Same Woman: ഒന്നിലധികം സഹോദരന്മാർ ഒരുമിച്ച് ഒരു യുവതിയെ വിവാഹം കഴിക്കുന്ന ആചാരം ഹാട്ടി സമുദായത്തിനിടയിൽ വളരെ സജീവമായി തന്നെ ഉണ്ടായിരുന്നു. 'ബഹുഭർതൃത്വം' വരുന്ന ഈ രീതി ജോദിദരൺ, ദ്രൗപദി പ്രത എന്നൊക്കെയാണ് ഇവർക്കിടയിൽ അറിയപ്പെടുന്നത്.
സിർമൗർ: രണ്ടു സഹോദരങ്ങളെ ഒരുമിച്ച് വിവാഹം ചെയ്ത് യുവതി. ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് സംഭവം. സഹോദരന്മാരായ പ്രദീപ് നേഗിയും കപിൽ നേഗിയുമാണ് ഒരേ യുവതിയെ ഒരുമിച്ച് വിവാഹം കഴിച്ചത്. സമീപത്തെ കുൻഹട്ട് എന്ന ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാൻ ആണ് വധു. ഹാട്ടി എന്ന സമുദായത്തിൽപ്പെട്ട ഇവരുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് സഹോദരങ്ങൾ ഒരുമിച്ച് ഒരേ യുവതിയെ വിവാഹം ചെയ്തതെന്ന് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ ആചാരം പിന്തുടർന്ന് വരുന്നവർ വളരെ വിരളമാണ്. അതുകൊണ്ട് തന്നെ പ്രദീപിന്റെയും കപിലിന്റെയും വിവാഹം ഏറെ ശ്രദ്ധേയമാവുകയാണ്. വരന്മാരുടെയും വധുവിന്റെയും രണ്ടു കുടുംബങ്ങളുടെയും സമുദായത്തിന്റെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. മൂത്ത സഹോദരനായ പ്രദീപ് നേഗി ജൽശക്തി വകുപ്പിലും, ഇളയ സഹോദരൻ കപിൽ നേഗി വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് ജോലി ചെയ്യുന്നത്.
എല്ലാവരുടെയും സമ്മതത്തോടെ, ഒരുപോലെ എടുത്ത തീരുമാനമാണ് വിവാഹം എന്നാണ് സഹോദരങ്ങൾ പറയുന്നത്. തങ്ങളുടെ ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്നുവെന്ന് അറിയിക്കാനാണ് വിവാഹം പരസ്യമായി നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംസ്കാരത്തെ കുറിച്ച് താൻ ബോധവതിയാണെന്നും, എല്ലാം അറിഞ്ഞുകൊണ്ട് പൂർണമനസോടെ തന്നെയാണ് ഈ തീരുമാനം എടുത്തതെന്നും വധു സുനിതയും പറയുന്നു.
ALSO READ: പിതാവിനെ കാറിനകത്ത് കെട്ടിയിട്ട് താജ് മഹൽ കാണാൻ പോയി മകനും കുടുംബവും; വീഡിയോ വൈറൽ
ഒന്നിലധികം സഹോദരന്മാർ ഒരുമിച്ച് ഒരു യുവതിയെ വിവാഹം കഴിക്കുന്ന ആചാരം ഹാട്ടി സമുദായത്തിനിടയിൽ വളരെ സജീവമായി തന്നെ ഉണ്ടായിരുന്നു. ‘ബഹുഭർതൃത്വം’ വരുന്ന ഈ രീതി ജോദിദരൺ, ദ്രൗപദി പ്രത എന്നൊക്കെയാണ് ഇവർക്കിടയിൽ അറിയപ്പെടുന്നത്. ഹിമാചൽ പ്രദേശിലുള്ള ഹാട്ടി സമുദായക്കാരുടെ ഒരു പരമ്പരാഗത ആചാരണമാണിത്. സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി പ്രദേശത്തും ഉത്തരാഖണ്ഡിന്റെ മറ്റ് ഭാഗങ്ങളിലും ഉൾപ്പടെ ഈ ആചാരം തുടർന്നുവരുന്നുണ്ട്.
കുടുംബത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിനോടൊപ്പം പൂർവ്വികരുടെ ഭൂമി പലർക്കായി വിഭജിച്ച് പോകുന്നത് തടയാനും കൂടി വേണ്ടിയാണ് ഈ ആചാരം പിന്തുടരുന്നത്. കൂടാതെ, ഒരു സ്ത്രീയും വിധവയായി തുടരുന്നില്ലെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് പറയുന്നു. എന്നാൽ, കാലം മാറിയതോടെ സംസ്കാരത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നിരുന്നാൽ പോലും ചിലർ ഇപ്പോഴും ഈ രീതികൾ തുടർന്നുവരുന്നു.