AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dharmasthala: എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?

Dharmasthala Mass Burial Case: മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിക്കുമ്പോള്‍ തന്നെ കൊലപ്പെടുത്തുമെന്ന് പതിവായി ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ നിന്നെ കഷ്ണങ്ങളാക്കി മറ്റുള്ളവരെ പോലെ കുഴിച്ചിടുമെന്ന് സൂപ്പര്‍വൈസര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.

Dharmasthala: എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?
പ്രതീകാത്മക ചിത്രം Image Credit source: Ashley Cooper/The Image Bank/Getty Images
Shiji M K
Shiji M K | Published: 19 Jul 2025 | 09:11 PM

ദക്ഷിണ കന്നഡയിലെ ധര്‍മ്മസ്ഥല എന്നിടത്ത് നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടബലാത്സംഗവും ശവസംസ്‌കാരവുമാണ് രാജ്യത്തെയാകെ നടുക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്.

കാട്ടുതീയാകുന്ന തുറന്നുപറച്ചില്‍

1994 മുതല്‍ 2014 വരെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ഭരണസമിതിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ശുചീകരണ തൊഴിലാളയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് പതിറ്റാണ്ടിലേറെയായി ലൈംഗികാതിക്രമത്തിന്റെ ഇരകളായവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരുമായിരുന്നു ആക്രമണങ്ങള്‍ക്ക് ഇരകളായിരുന്നതെന്ന് അദ്ദേഹം പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിക്കുമ്പോള്‍ തന്നെ കൊലപ്പെടുത്തുമെന്ന് പതിവായി ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ നിന്നെ കഷ്ണങ്ങളാക്കി മറ്റുള്ളവരെ പോലെ കുഴിച്ചിടുമെന്ന് സൂപ്പര്‍വൈസര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.

ചില മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് നേത്രാവദി നദിയുടെ തീരത്താണ്. മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കാനും വേഗത്തില്‍ അഴുകാനും വേണ്ടിയാണ് ഇത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. 2010ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പിന് സമീപം 12നും 15നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ബന്ധിതനായെന്ന് തൊഴിലാളി ആരോപിക്കുന്നു.

ആ പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമിലായിരുന്നു. പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടലിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. മറ്റൊരു ദിവസം 20 വയസുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും ശരീരം പത്രത്തില്‍ പൊതിഞ്ഞ് ഡീസല്‍ ഒഴിച്ച് കത്തിക്കാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.

പിന്നീട് 2014ല്‍ തന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൂപ്പര്‍വൈസര്‍മാരുമായി ബന്ധമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. അന്നേ ദിവസം താന്‍ അവിടെ നിന്നും ഓടിപ്പോയി പിന്നീട് വര്‍ഷങ്ങളോളം മറ്റിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുറ്റബോധമാണ് ഇപ്പോള്‍ തിരിച്ചെത്തി എല്ലാം തുറന്നുപറയാന്‍ കാരണമെന്നും തൊഴിലാളി വ്യക്തമാക്കി.

Also Read: Crime News: കൊല്ലപ്പെട്ടത് നിരവധി പേര്‍, ഏറെയും യുവതികള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഉചിതമായ രീതിയില്‍ ശവസംസ്‌കാരം നടത്തിയാല്‍ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കും. തന്റെ കുറ്റബോധവും ആത്മസംഘര്‍ഷവും കുറയും. മരിച്ചയാളുകള്‍ മാന്യമായ യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

തുടര്‍ നടപടി

തൊഴിലാളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത് ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ്. വിഷയത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

എന്നാല്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയും തന്റെ മൊഴി ചോര്‍ത്തിയ പോലീസിനെതിരെ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.