TVK Stampede: വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയോ? കരൂർ ദുരന്തത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
TVK Stampede: എന്തുകൊണ്ട് അത് മുൻകൂട്ടി കാണാൻ സാധിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയർത്തുന്നുണ്ട്. എന്നാൽ കരൂർ അപകടത്തിൽ പ്രതിരോധത്തിലായ ടിവികെയ്ക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്ന വിധത്തിലാണ് സിബിഐ അന്വേഷണത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായ ഭിന്നത.
ചെന്നൈ: നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാനപര്യടനത്തിന്റെ ഭാഗമായി നടന്ന റാലിയിൽ, തിരക്കിലും പെട്ട് 41 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിജയിക്ക് നൽകിയ സുരക്ഷയിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിആർപിഎഫിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയിക്ക് ‘വൈ’ കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനപര്യടനം തുടങ്ങുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കരൂരിൽ റാലിക്കിടെ വിജയിക്കുനേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്.
വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ? എങ്കിൽ എന്തുകൊണ്ട് അത് മുൻകൂട്ടി കാണാൻ സാധിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയർത്തുന്നുണ്ട്. എന്നാൽ കരൂർ അപകടത്തിൽ പ്രതിരോധത്തിലായ ടിവികെയ്ക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്ന വിധത്തിലാണ് സിബിഐ അന്വേഷണത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായ ഭിന്നത.
ALSO READ: മനസാക്ഷിയുടെ കാര്യമാണിത്! ‘വിജയ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു’: സെന്തിൽ ബാലാജി
സിബിഐ അന്വേഷണം വരുമ്പോൾ ദുരന്തത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു വരുമെന്നും പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടപ്പെടും എന്നാണ് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ വാദം. എന്നാൽ സിബിഐ അന്വേഷണം വന്നാൽ ടിവികെയെ വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുമെന്നാണ് എൻ ആനന്ദിന്റെ പക്ഷം. അതേസമയം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് വിജയ്.
ഇതിനിടെ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സെന്തിൽ ബാലാജി എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഇല്ലെന്നും ഇത് മനസാക്ഷിയുടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. റാലിയിൽ എത്തിയവർക്ക് വെള്ളം പോലും നൽകിയില്ല. ഡിഎംകെയുടെ റാലിയിൽ അങ്ങനെയല്ല. ദുരന്ത ഭൂമിയിൽ ചെരുപ്പുകളും മറ്റും അല്ലാതെ കുപ്പിയോ ബിസ്ക്കറ്റ് കവറുകളോ ഒന്നും തന്നെ കാണാനില്ല. യാതൊരുവിധത്തിലുള്ള സുരക്ഷാ മുൻകരുതലകളും സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി.