US Deportation: ഇന്ത്യക്കാരെ നാടുകടത്തി യുഎസ്, ഏറെയും യുവാക്കൾ; കബളിക്കപ്പെട്ടെന്ന് പരാതി
US Deports Indian Citizens: ഈ വർഷം ആദ്യം പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവാക്കളെ നാടുകടത്തിയിരുന്നു. ജനുവരിയിൽ ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമാണ്, രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ച് തുടങ്ങിയത്.
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായി എത്തിയ 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ് (US Deportation). നാടുകടത്തപ്പെട്ടവരിൽ അധികവും ഹരിയാനക്കാരാണ്. അതേസമയം 25 മണിക്കൂർ നീണ്ട വിമാനയാത്രയിൽ കൈവിലങ്ങ് ധരിക്കേണ്ടി വന്നതായി നാടുകടത്തപ്പെട്ടവർ പരാതിപ്പെട്ടു. 25 മുതൽ 40 വയസു വരെ പ്രായമുള്ളവരെയാണ് നാടുകടത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് ഇവർ ഡൽഹിയിൽ എത്തിച്ചേർന്നത്.
എന്നാൽ തങ്ങൾ കബളിക്കപ്പട്ടുവെന്നും പലരും പരാതി പറയുന്നുണ്ട്. ഇവരിൽ പലരും 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്ക് നൽകിയ ശേഷമാണ് യുഎസിലേക്ക് പോയതെന്നാണ് വിവരം. പുതുതായി യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്.
Also Read: ‘രാജ്യത്തെ മുഴുവൻ ഡിജിറ്റൽ അറസ്റ്റ് കേസുകളിലും സിബിഐ അന്വേഷണം’; സുപ്രീം കോടതി
ഹരിയാനയിൽ എത്തിച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അവരവരുടെ വീടുകളിലേക്ക് മടക്കി അയച്ചതായി അധികൃതർ അറിയിച്ചു. യുഎസിൽ ഡൊണാൾഡി ട്രംപ് ഭരണകൂടം അധികാരത്തിലേറിയ ശേഷം , ഈ വർഷം ആദ്യം പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവാക്കളെ നാടുകടത്തിയിരുന്നു. ജനുവരിയിൽ ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമാണ്, രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ച് തുടങ്ങിയത്.
ഇന്ത്യ പലതവണ നാടുകടത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയുമായി ചർച്ച നടത്തിയിരുന്നു. പക്ഷേ ഇക്കാര്യത്തിൽ യാതൊരു അയവും സംഭവിച്ചില്ല. അതേസമയം നാടുകടത്തപ്പെട്ടവരിൽ ആരും തന്നെ ഒരു ഏജന്റിനെതിരെയും പോലീസിൽ ഇതുവരെ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്ന് കൈതാൽ ഡിഎസ്പി പറഞ്ഞു. കടം വാങ്ങിയും, വീടുകൾ വിറ്റുമാണ് പലരും ഏജൻസികൾക്ക് പണം നൽകിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.