Uttarakhand Avalanche: ഉത്തരാഖണ്ഡ് ഹിമപാതം: 8 മരണം, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കിട്ടി
Uttarakhand Avalanche Latest Update: ഹിമപാതം നടന്ന് മൂന്നാം ദിവസം രക്ഷാദൗത്യം അവസാനിപ്പിച്ചിരിക്കുകയാണ്. കാലാവസ്ഥ അനൂകൂലമായതോടെ ഇന്നാണ് കൂടുതൽ രക്ഷാപ്രവർത്തകരെ ഇവിടേക്ക് എത്തിച്ചത്. ഇന്നത്തെ തിരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹവും തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ കണ്ടെത്തി. തെർമൽ ഇമേജ് ക്യാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു തെരച്ചിൽ നടത്തിയത്.
ഹിമപാതം നടന്ന് മൂന്നാം ദിവസം രക്ഷാദൗത്യം അവസാനിപ്പിച്ചിരിക്കുകയാണ്. കാലാവസ്ഥ അനൂകൂലമായതോടെ ഇന്നാണ് കൂടുതൽ രക്ഷാപ്രവർത്തകരെ ഇവിടേക്ക് എത്തിച്ചത്. ഇന്നത്തെ തിരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നും മഞ്ഞിൽ പൊതിഞ്ഞുകിടന്ന അവസ്ഥയിലായിരുന്നു.
സംഭവസ്ഥലത്ത് കുടുങ്ങിയ 54 ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പ്രവർത്തകരിൽ 46 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. മാനായിലടക്കം താൽകാലിക ആശുപത്രികളിൽ കഴിയുന്നവരെ ജോഷിമഠിലെ സൈനിക ആശുപത്രിയിലേക്ക് നീക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്ററും എത്തിയിരുന്നു.
ഹിമപാതത്തിൽ താമസിച്ചിരുന്ന താൽകാലിക കണ്ടെയിനറുകൾ അടക്കം ഒലിച്ചുപോയെന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും പരിക്കറ്റവർ പറഞ്ഞു. ഫെബ്രുവരി 28 നാണ് ഉത്തരാഖണ്ഡിൽ ഹിമപാതമുണ്ടാകുന്നത്. സംഭവത്തിൽ ഇന്നലെ നാല് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇന്ത്യ-ചൈന അതിർത്തി മേഖലയായ മാനാ ഗ്രാമത്തിന് സമീപം ബോർഡർ റോഡ് ഓർഗനൈസേഷൻറെ ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്. ഹിമപാതത്തെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടതും പ്രതികൂല കാലവസ്ഥയും രക്ഷാ പ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർച്ച് മൂന്നാം (നാളെ) തീയതി മറ്റൊരു ഹിമപാത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 583 റോഡുകളും അഞ്ച് ദേശീയ പാതകളും ഹിമപാതത്തിന് പിന്നാലെ അടച്ചതോടെ ഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസപ്പെടിട നിലയിലായിരുന്നു. കുളു, കാൻഗ്ര, ചമ്പ, കിന്നൗർ, ലാഹോൾ-സ്പിതി തുടങ്ങിയ ജില്ലകളിൽ തുടർച്ചയായ മഴയും മഞ്ഞുവീഴ്ചയും കാരണം വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.