Google Map : ഇത്തവണ ഗൂഗിൾ മാപ്പ് രക്ഷകനായി; 29 വർഷങ്ങൾക്ക് മുമ്പ് യുവാവിന് നഷ്ടമായ നാടും കുടുംബവും തിരികെ ലഭിച്ചു
Google Map Viral News : ഒമ്പത് വയസ്സുള്ളപ്പോൾ ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് യുവാവിന് കുടുംബവും നാടും നഷ്ടമാകുന്നത്.
ഗൂഗിൾ മാപ്പ് പലരേയും കുഴിയില്‍ ചാടിച്ച നിരവധി വാര്‍ത്തകളാണ് അടുത്തിടെ കേൾക്കാൻ ഇടയായിട്ടുള്ളത്. പലർക്കും വില്ലനായി മാറിയ ഗൂഗിൾ മാപ്പ് ഇപ്പോൾ ഒരാളുടെ ജീവിതത്തിൽ ഹീറോയായിരിക്കുകയാണ്. അതും ഒരു യുവാവിന് തനിക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ കുടുംബത്തെയും നാടിനെയുമാണ് ഗൂഗിൾ മാപ്പ് തിരികെ നൽകിയിരിക്കുന്നത്.
ഹരിയാനയിലെ അംബാല സ്വദേശിയായ സഞ്ജയിയാണ് 29 വർഷം മുമ്പ് നഷ്ടമായ തൻ്റെ നാടും കുടുംബവും ഗുഗിൾ മാപ്പിലൂടെ തിരികെ സ്വന്തമാക്കിയത്. ഒമ്പത് വയസുള്ളപ്പോൾ ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് സഞ്ജയിയെ കാണാതാകുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ സഞ്ജയ് പിന്നീട് ഉണർന്നെഴുന്നേറ്റപ്പോൾ കണ്ടത് ഉത്തർ പ്രദേശിലെ ആഗ്രയായായിരുന്നു. നാടിനെ പറ്റിയോ, വിലാസമൊ ഒന്നുമറിയാത്ത സഞ്ജയ്ക്ക് തിരികെ സ്വദേശത്തേക്ക് മടങ്ങാനും സാധിച്ചില്ല. പിന്നീട് ആഗ്രയിൽ തന്നെ വളർന്ന് തൊഴിൽ നേടുകയും വിവാഹിതനാകുകയും ചെയ്തു.
എന്നാൽ സഞ്ജയ് തനിക്ക് നഷ്ടമായ കുടുംബത്തെയും നാടിനെയും പറ്റി എപ്പോഴും ചിന്തിക്കുമായിരുന്നു. എങ്ങനെ തൻ്റെ ജന്മനാട്ടിലേക്ക് മടങ്ങുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ഒരു ദിവസം, അംബാലയിലെ തൻ്റെ വീടിനടുത്ത് ഒരു പോലീസ് പോസ്റ്റ് ഉണ്ടെന്നും അതിന് മുന്നിൽ ഒരു ദർഗയുണ്ടെന്നും സഞ്ജയ് ഓർമിച്ചെടുക്കുന്നത്. അതിൽ ഗൂഗിളിൽ തിരിഞ്ഞ് നോക്കിയപ്പോഴാണ് സഞ്ജയ്ക്ക് തൻ്റെ ജന്മാനാടിനെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നാട്ടിലേക്ക് സഞ്ജയ് തിരിക്കുകയും ചെയ്തു.വർഷങ്ങൾക്ക് ശേഷം മകൻ തിരിച്ചെത്തിയ സന്തോഷത്തിലാണ് സഞ്ജയിയുടെ കുടുംബവും നാടും.