Jyoti Malhotra: ജ്യോതി മൽഹോത്ര പയ്യന്നൂരിലുമെത്തി; വ്ലോഗ് എടുത്തു, പോലീസ് അന്വേഷണം ആരംഭിച്ചു
Jyoti Malhotra Visited Payyannur: കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി പയ്യന്നൂരിൽ എത്തിയതായി കരുതുന്നത്. തെയ്യത്തിൽ നിന്ന് പ്രസാദം വാങ്ങുന്നൊരു ചിത്രവും ജ്യോതി പങ്കുവെച്ചിരുന്നു.
പയ്യന്നൂർ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെ പയ്യന്നൂരും സന്ദർശിച്ചതായി സൂചന. കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ ജ്യോതി എത്തിയതായാണ് കരുതുന്നത്. ഇവിടുത്തെ ഉത്സവത്തിന്റെ വീഡിയോ വ്ലോഗ് ആയി ഇവർ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ജ്യോതി പയ്യന്നൂരിൽ എത്തിയെന്ന് വ്യക്തമായത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി പയ്യന്നൂരിൽ എത്തിയതായി കരുതുന്നത്. തെയ്യത്തിൽ നിന്ന് പ്രസാദം വാങ്ങുന്നൊരു ചിത്രവും ഇവർ പങ്കുവെച്ചിരുന്നു. കേരളത്തിൽ ഏഴ് ദിവസത്തെ സന്ദർശനമാണ് ജ്യോതി മൽഹോത്ര നടത്തിയത്. ഇതിനിടയിലാണ് ഈ ക്ഷേത്രത്തിൽ ഇവർ എത്തിയതെന്നാണ് കരുതുന്നത്. ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയെ നിലവിൽ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ALSO READ: ‘ബ്രഹ്മോസ് മിസൈൽ പാകിസ്താന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ’; പ്രധാനമന്ത്രി നരേന്ദ്ര മോദി
പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി മൽഹോത്ര, പാകിസ്താനിലെ അനാർക്കലി ബസാറിലൂടെ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവന്നിരുന്നു. പാക് ചാരസംഘടനാ അംഗങ്ങളുമായി ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ജ്യോതി മൽഹോത്ര ഉൾപ്പടെ 12 പേരെയാണ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജ്യോതി ട്രാവൽ വ്‌ളോഗുകൾ പങ്കുവെച്ചിരുന്നത്.