Narendra Modi: ‘ഭീകരത വീണ്ടും ശക്തി പ്രാപിച്ചാല്‍, ഇന്ത്യ അത് വലിച്ചിഴച്ച് തകര്‍ക്കും’
Narendra Modi at Bihar: ദളിതർ, ഇബിസി, ഒബിസി എന്നിവർക്ക് പതിറ്റാണ്ടുകളായി ബാങ്ക് അക്കൗണ്ടുകൾ പോലും ഉണ്ടായിരുന്നില്ല. ഇതാണോ കോൺഗ്രസും ആർജെഡിയും വാഗ്ദാനം ചെയ്യുന്ന സാമൂഹിക നീതിയെന്നും മോദി
ഭീകരത വീണ്ടും ശക്തി പ്രാപിച്ചാല്‍, ഇന്ത്യ അതിനെ വീണ്ടും വലിച്ചിഴച്ച് തകര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാണ് പുതിയ ഭാരതമെന്നും, ജീവിതം പോയാലും വാഗ്ദാനം പാലിക്കപ്പെടണമെന്നതാണ് മുദ്രവാക്യമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ചത്. റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ചിൽ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം താന്‍ നടത്തിയ പ്രതിജ്ഞ പാലിച്ചതിന് ശേഷമാണ് ബിഹാറിലേക്ക് മടങ്ങിയെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. തീവ്രവാദികളെയും അവരെ സംരക്ഷിക്കുന്നവരെയും തകര്‍ക്കുമെന്നും, അവരുടെ സങ്കല്‍പ്പത്തിന് അപ്പുറത്തേക്ക് ശിക്ഷിക്കുമെന്നും ഏപ്രിൽ 24ന് ബിഹാറിലെ മധുബനി ജില്ലയിലെ ഝൻഝർപൂരിൽ നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.ഈ വാഗ്ദാനം നിറവേറ്റിയാണ് താന്‍ ബിഹാറിലേക്ക് തിരിച്ചെത്തിയതെന്ന് സൂചിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാക്കുകള്‍ പാലിച്ചതിനുശേഷമാണ് ബിഹാറിലേക്ക് മടങ്ങിയെത്തിയതെന്ന മോദിയുടെ പരാമര്‍ശനം ജനക്കൂട്ടം ആര്‍പ്പുവിളിയോടെയാണ് സ്വീകരിച്ചത്. പാകിസ്ഥാനും ലോകവും ഇന്ത്യയുടെ ശക്തി കണ്ടുവെന്ന് മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ആവനാഴിയിൽ നിന്നുള്ള ഒരു അമ്പ് മാത്രമായിരുന്നു അത്. നമ്മുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.




രാജ്യത്ത് മാവോയിസ്റ്റ് അക്രമം അവസാനിക്കുന്നത് വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, രാജ്യത്തെ 125 ജില്ലകൾ നക്സൽ ബാധിതമായിരുന്നു. ഇപ്പോൾ, 18 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. നേരത്തെ, നക്സൽ സാന്നിധ്യം കാരണം ഒരു വികസന പദ്ധതിക്കും സാധാരണക്കാരിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഒരുകാലത്ത് കലാപം മൂലം തടസ്സപ്പെട്ടിരുന്ന വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് എത്താൻ തുടങ്ങിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ജെഡിക്കെതിരെയും മോദി രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. അവര്‍ ഭരിച്ചപ്പോള്‍, റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നിങ്ങളുടെ ഭൂമി തട്ടിയെടുത്തു. ദളിതർ, ഇബിസി, ഒബിസി എന്നിവർക്ക് പതിറ്റാണ്ടുകളായി ബാങ്ക് അക്കൗണ്ടുകൾ പോലും ഉണ്ടായിരുന്നില്ല. ഇതാണോ കോൺഗ്രസും ആർജെഡിയും വാഗ്ദാനം ചെയ്യുന്ന സാമൂഹിക നീതിയെന്നും മോദി ചോദിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തെ മോദി പ്രശംസിച്ചു. 48,500 കോടിയുടെ റോഡുകൾ, റെയിൽവേ, വൈദ്യുതി മേഖലകളിലെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ മോദി ഉദ്ഘാടനം ചെയ്തു. പട്നയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് 14കാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു.