Vote Chori Allegation: ‘ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; രാജ്യതലസ്ഥാനത്ത് പ്രതിഷേധം, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കി
Vote Chori Allegation: ട്രാൻസ്പോർട്ട് ഭവന് മുന്നിൽ വച്ച് പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും സത്യം നിങ്ങളുടെ മുന്നിലുണ്ടെന്നും സത്യം രാജ്യത്തിന് മുന്നിലുണ്ടെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
പാർലമെന്റിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാരാണ് പങ്കെടുത്തത്. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ വച്ച് പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. റോഡിൽ കുത്തിയിരുന്ന് എംപിമാർ പ്രതിഷേധിച്ചു.
അതേസമയം മുപ്പത് എംപിമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നേതാക്കൾ നിരസിച്ചു. മുഴുവൻ എംപിമാമാരുമായും ചർച്ച നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
വോട്ടുകൊള്ള, ബിഹാർ വോട്ടർപട്ടിക പരിഷ്കരണം തുടങ്ങിയവ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.