Abhinav Chandrachud : രണ്‍വീര്‍ അല്ലാബാദിയയുടെ അഭിഭാഷകന്‍; മുന്‍ ചീഫ് ജസ്റ്റീസിന്റെ മകന്‍, ആരാണ് അഭിനവ് ചന്ദ്രചൂഡ്‌?

Ranveer Allahbadia Case: ഡി.വൈ. ചന്ദ്രചൂഡിന്റെ മകനായ അഭിനവ് ചന്ദ്രചൂഡ് ബോംബെ ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. സ്റ്റാൻഫോർഡ് ലോ സ്കൂളിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് ബിരുദവും (ജെഎസ്ഡി) നിയമത്തിൽ മാസ്റ്റർ ബിരുദവും നേടി. ഗിബ്‌സൺ, ഡൺ & ക്രച്ചറിൽ അസോസിയേറ്റ് അറ്റോർണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്

Abhinav Chandrachud : രണ്‍വീര്‍ അല്ലാബാദിയയുടെ അഭിഭാഷകന്‍; മുന്‍ ചീഫ് ജസ്റ്റീസിന്റെ മകന്‍, ആരാണ് അഭിനവ് ചന്ദ്രചൂഡ്‌?

അഭിനവ് ചന്ദ്രചൂഡ്‌, രണ്‍വീര്‍ അല്ലാബാദിയ

Published: 

17 Feb 2025 16:15 PM

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഡിന്റെ മകന്‍ അഭിനവാണ്‌ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ രണ്‍വീര്‍ അല്ലാബാദിയയ്ക്കുവേണ്ടി വാദിക്കുന്നത്‌. അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരില്‍ രണ്‍വീറിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ രണ്‍വീര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറുകള്‍ ഏകീകരിക്കമെന്നാണ് ഒരു ആവശ്യം. അഭിനവ് ചന്ദ്രചൂഡ് മുഖേനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

സുപ്രീംകോടതി ഉടന്‍ തന്നെ കേസ് കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി ഉടൻ ലിസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകിയിരുന്നു. രണ്‍വീര്‍ അല്ലാബാദിയയ്ക്ക് അസം പൊലീസ് സമൻസ് അയച്ചത് ചൂണ്ടിക്കാട്ടി വേഗത്തിൽ വാദം കേൾക്കണമെന്ന് അഭിനവ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു.

ഷോയ്ക്കിടെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് അല്ലാബാദിയയ്‌ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 79 ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read Also : അധിക്ഷേപം അതിരുകടന്നു; റണ്‍വീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെ 40 പേര്‍ക്ക് സമന്‍സ്‌

ആരാണ്‌ അഭിനവ് ചന്ദ്രചൂഡ്‌?

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനായ അഭിനവ് ചന്ദ്രചൂഡ് ബോംബെ ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാൻഫോർഡ് ലോ സ്കൂളിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് ബിരുദവും (ജെഎസ്ഡി) നിയമത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഫ്രാങ്ക്ലിൻ ഫാമിലി സ്കോളറായിരുന്നു.

2008 ൽ മുംബൈയിലെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിരുദം നേടിയതായി ലിങ്ക്ഡ്ഇൻ പ്രൊഫൈലില്‍ നിന്ന് വ്യക്തമാകുന്നു. പിന്നീട് ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് ഡാന സ്കോളറായി മാസ്റ്റർ ഓഫ് ലോസ് (എൽഎൽഎം) നേടി. രാജ്യാന്തര സ്ഥാപനമായ ഗിബ്‌സൺ, ഡൺ & ക്രച്ചറിൽ അസോസിയേറ്റ് അറ്റോർണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിനവ് ചന്ദ്രചൂഡ് ഒരു എഴുത്തുകാരന്‍ കൂടിയാണ്. റിപ്പബ്ലിക് ഓഫ് റെറ്റോറിക്: ഫ്രീ സ്പീച്ച് ആൻഡ് ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ, സുപ്രീം വിസ്പേഴ്‌സ്: കോൺവർസേഷൻസ് വിത്ത് ജഡ്ജസ് ഓഫ് ദി സുപ്രീം കോർട്ട് ഓഫ് ഇന്ത്യ 1980-1989 എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി മാധ്യമങ്ങളില്‍ ലേഖനം എഴുതിയിട്ടുണ്ട്.

തന്റെ മക്കളായ അഭിനവിനോടും, ചിന്തനോടും സുപ്രീം കോടതിയില്‍ കേസുകള്‍ വാദിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, അങ്ങനെ അവരെ തനിക്ക് കൂടുതല്‍ തവണ കാണാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നുവെന്നും സുപ്രീംകോടതിയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഡി.വൈ. ചന്ദ്രചൂഡ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിതാവ് ജഡ്ജിയായി സേവനമനുഷ്ഠിക്കുമ്പോള്‍ പ്രൊഫഷണല്‍ സുതാര്യത ഉറപ്പുവരുത്താന്‍ അവര്‍ ആ നിര്‍ദ്ദേശം നിരസിക്കുകയായിരുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം