12th Pay Commission: പുതിയ സർക്കാർ; ജീവനക്കാരുടെ ഡിഎ, ശമ്പളവർദ്ധനവ്…. ഇനിയെന്ത്?
12th Pay Revision Commission Updates: കഴിഞ്ഞ ബജറ്റിലാണ് മുൻ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത്. കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് പന്ത്രണ്ടാം ശമ്പളപരിഷ്കരണം. സാധാരണയായി, ഓരോ അഞ്ച് വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കാറുള്ളത്.
സർക്കാർ നിയമിക്കുന്ന ശമ്പളകമ്മീഷനുകളുടെ ശുപാർശകൾക്കനുസരിച്ചാണ് ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയും ആശങ്കയോടും കൂടിയാണ് സർക്കാർ ജീവനക്കാർ ശമ്പളകമ്മീഷനുകളുടെ പ്രവർത്തനങ്ങളെ നോക്കികാണുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ കാര്യത്തിൽ നിലവിൽ എട്ടാം ശമ്പളകമ്മീഷനാണെങ്കിൽ കേരളത്തിൽ പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പന്ത്രണ്ടാം ശമ്പള കമ്മീഷൻ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവർദ്ധനവിന് വേണ്ടി നിയമിച്ച പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ബജറ്റിലാണ് മുൻ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷനിൽ ശോഭ വിആർ ആണ് സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി ഇവർ പ്രവർത്തനം ആരംഭിച്ചിരുന്നു.
കമ്മിഷന്റെ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെ വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്. കൂടാതെ, കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കിയതായി അറിയിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്കും സംഘടനകൾക്കും ലഭ്യമാകുന്നതാണ്.
ALSO READ: ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉടൻ, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനങ്ങൾ എങ്ങനെ?
പുതിയ സർക്കാർ വരുമ്പോൾ ഇനിയെന്ത്?
കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് പന്ത്രണ്ടാം ശമ്പളപരിഷ്കരണം. സാധാരണയായി, ഓരോ അഞ്ച് വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കാറുള്ളത്.
11-ാം ശമ്പള പരിഷ്കരണം 2019 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നതാണ്. ഇതനുസരിച്ച് 2024 ജൂലൈ 1 മുതലായിരുന്നു പുതിയ ശമ്പളപരിഷ്കരണം നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനോടകം തന്നെ കാലതാമസം ഉണ്ടായ സാഹചര്യത്തിൽ, പുതിയ സർക്കാർ ഇതിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത കുടിശ്ശികകൾ തീർപ്പാക്കുക എന്നത് സർക്കാരിന് മുന്നിലുള്ള വലിയ ബാധ്യതയാണ്. നിലവിലെ കടുത്ത സാമ്പത്തിക പരിമിതികളും ശമ്പള പരിഷ്കരണത്തെ ബാധിച്ചേക്കും.
ഡിഎ, ഡിആർ കുടിശ്ശിക
സർക്കാർ ജീവനക്കാർക്ക് അവരുടെ അടിസ്ഥാനശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാണ് ക്ഷാമബത്ത നൽകുന്നത്. കഴിഞ്ഞ മാസങ്ങളിൽ പിണറായി സർക്കാർ ക്ഷാമബത്ത കുടിശ്ശിക വിതരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എട്ട് ഗഡുക്കളായി നൽകാനായിരുന്നു തീരുമാനം. 286 മാസത്തെ കുടിശ്ശികയാണ് ജീവനക്കാർക്ക് കിട്ടാനുള്ളത്.
മാർച്ച് ആറിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശികയുള്ള ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു ധനവകുപ്പ് പ്രഖ്യാപിച്ചിരുന്നത്. വിതരണത്തിന്റെ കൃത്യമായ തീയതിയും രീതിയും പിന്നീട് വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റ് തുടർ ഉത്തരവുകളൊന്നും വന്നിട്ടില്ല.
ഇതിലൂടെ ക്ഷാമബത്ത കാത്തിരുന്ന ജീവനക്കാർക്ക് വൻ നഷ്ടമാണ് ഉണ്ടായത്. മലയാളം മീഡിയ നൽകിയ റിപ്പോർട്ട് അനുസരിച്ച് സർവീസിലുള്ളവർക്ക് അവരുടെ തസ്തികയും സേവന കാലാവധിയും അനുസരിച്ച് 2.50 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപ വരെ കുടിശിക ഇനത്തിൽ നഷ്ടപ്പെടും. പെൻഷൻകാർക്ക് ഏകദേശം 1.50 ലക്ഷം രൂപ മുതൽ 6.50 ലക്ഷം രൂപ വരെയാണ് നഷ്ടപ്പെടുക.
English Summary:
Kerala Government employees and pensioners are closely watching the upcoming 12th Pay Revision. 11th pay revision came into effect on July 1, 2019. Now, there is growing anticipation over how the new UDF-led government will approach salary hikes and pending Dearness Allowance arrears.