12th Pay Commission: ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉടൻ, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനങ്ങൾ എങ്ങനെ?
Kerala 12th Pay Revision Commission Updates: പതിനൊന്നാം ശമ്പളകമ്മീഷൻ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഇതിനനുസരിച്ച് എസ് 1 അതായത്, ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്.
വിലക്കയറ്റവും ജീവിതച്ചെലവുകളും ഓരോ വ്യക്തികളെയും സമ്മർദ്ദത്തിലാഴ്ത്തുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ സർക്കാർ ജീവനക്കാരുടെ പ്രതീക്ഷയാണ് നിശ്ചിത കാലയളവിനുള്ളിൽ സംഭവിക്കുന്ന ശമ്പള പരിഷ്കരണവും, ക്ഷാമബത്ത വർദ്ധനവും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള പരിഷ്കരണമാണ് പ്രാബല്യത്തിൽ വരേണ്ടത്. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം പകുതിയോടെ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ കാര്യമോ? അവർക്ക് വേണ്ടി നിയോഗിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രവർത്തനങ്ങൾ ഏതുവരെയായി? പരിശോധിച്ചാലോ…
പന്ത്രണ്ടാം ശമ്പള പരിഷ്കരണം
നിലവിൽ പതിനൊന്നാം ശമ്പളകമ്മീഷൻ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഇതിനനുസരിച്ച് എസ് 1 അതായത്, ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്. എസ് 1 മുതൽ എസ് 5 വരെയുള്ള ജീവനക്കാർക്ക് 700, 800, 900 എന്നിങ്ങനെയാണ് ഇൻക്രിമെന്റ്. എസ് 6 ജീവനക്കാർക്ക് 800, 900 എന്നിങ്ങനെയും ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് 2800, 3100, 3400 രൂപയായും ഇൻക്രിമെന്റ് കണക്കാക്കുന്നു.
ഇനി പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ട സമയമാണ്. കഴിഞ്ഞ ബജറ്റിലാണ് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു.
പ്രവർത്തനങ്ങൾ ഇതുവരെ
മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷനിൽ ശോഭ വിആർ ആണ് സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നു. കമ്മിഷന്റെ സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്.
നിലവിൽ, വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കിയതായി അറിയിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്കും സംഘടനകൾക്കും ലഭ്യമാകുന്നതാണ്.
ALSO READ: ശമ്പളം കൂടാൻ ഒരു വർഷം കാത്തിരിക്കണം! ആനുകൂല്യങ്ങളിൽ ഇനിയെന്ത്?
ക്ഷാമബത്ത എവിടെ?
ജീവിതച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പണപ്പെരുപ്പത്തിന്റെ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാണ് ക്ഷാമബത്ത നല്‍കുന്നത്.
കേരളസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക വിതരണത്തിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എട്ട് ഗഡുക്കളായി നൽകാനായിരുന്നു തീരുമാനം. 2026-27 സാമ്പത്തിക വർഷം മുതലായിരിക്കും വിതരണം ആരംഭിക്കുന്നത്. അതേസമയം, ഒരു സാമ്പത്തിക വർഷം എത്ര ഗഡുക്കൾ വീതം നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
286 മാസത്തെ ഡിഎ, ഡിആർ കുടിശ്ശിക ആണ് ലഭിക്കാനുള്ളത്. വിതരണത്തിന്റെ കൃത്യമായ തീയതി അറിയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ഏകദേശം ലക്ഷങ്ങളുടെ നഷ്ടമാണ് ജീവനക്കാർക്ക് ഇതിലൂടെ ഉണ്ടാകുന്നത്.
English Summary:
Kerala government employees are currently paid salaries as per the 11th Pay Commission. According to this, the basic salary of S1, the lowest level employee, is Rs. 23,000. 12th salary revision will come into effect soon.