1988-ലെ നല്ലുർനാട് ബാങ്ക് കവർച്ച; 38 വർഷങ്ങൾക്ക് ശേഷം 76-കാരന് 13 വർഷം തടവും പിഴയും വിധിച്ച് കോടതി
Kollam Native Gets 13 Years Jail for 1988 Robbery: 1988 ജനുവരി എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറംഗ സംഘമായിരുന്നു കവർച്ചക്ക് പിന്നിൽ. കാറിലെത്തിയ സംഘം. ബാങ്കിൻ്റെ പൂട്ട് തകർത്താണ് അകത്ത് കടന്നത്. പിന്നാലെ ഒരു ലോക്കറും, ഒരു കിലോയിലധികം വരുന്ന സ്വർണാഭരണങ്ങളും 5544 രൂപയും മോഷ്ടിച്ച് കടക്കുകയായിരുന്നു. ഇതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ രണ്ട് പ്രദേശവാസികളെ മോഷ്ടാക്കൾ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: വയനാട് നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ 1988-ൽ നടന്ന വൻ കവർച്ചയിൽ 38 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കൊല്ലം സ്വദേശിയായ 76-കാരൻ അബ്ദുൽ സമദിനെയാണ് കൽപ്പറ്റ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി 13 വർഷം തടവിന് വിധിച്ചത്. 16000 രൂപ പിഴയൊടുക്കുകയും വേണം. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൽ ജയവന്ത് ആണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി 10 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും
1988 ജനുവരി എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറംഗ സംഘമായിരുന്നു കവർച്ചക്ക് പിന്നിൽ. കാറിലെത്തിയ സംഘം. ബാങ്കിൻ്റെ പൂട്ട് തകർത്താണ് അകത്ത് കടന്നത്. പിന്നാലെ ഒരു ലോക്കറും, ഒരു കിലോയിലധികം വരുന്ന സ്വർണാഭരണങ്ങളും 5544 രൂപയും മോഷ്ടിച്ച് കടക്കുകയായിരുന്നു. ഇതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ രണ്ട് പ്രദേശവാസികളെ മോഷ്ടാക്കൾ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
കേസിലെ മറ്റു നാല് പ്രതികളായ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി നാസർ എന്നിവരെ 1993-ൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായിരുന്ന ഒ.കെ ബാബു വർഷങ്ങൾ നീങ്ങ ഒളിവ് ജീവിതത്തിനൊടുവിൽ 2017-ൽ കോടതിയിൽ കീഴടങ്ങി. ഇയാൾക്കും കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ 2024 ഒക്ടോബറിലാണ് അബ്ദുൽ സമദ് പൊലീസിൻ്റെ പിടിയിലാകുന്നത്. തുടർന്ന് ജൂഡീഷ്യൽ കസ്റ്റഡിയിലാണ് വിചാരണ നേരിട്ടത്.
കേസിൽ കോടതി 40-ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. 166 രേഖകളും 21 തൊണ്ടിമുതലുകളും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. മാനന്തവാടി പൊലീസാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. തുടർന്ന് വിശദമായ അന്വേഷണത്തിനായി ജില്ലാ സി.ബി.സി.ഐ.ഡി സംഘത്തിന് കേസ് കൈമാറുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ സന്തോഷ് കുമാർ കോടതിയിൽ ഹാജരായി.
English Summary
A 76-year-old man from Kollam, Abdul Samad, was sentenced to 13 years in prison and fined Rs 16,000 for his involvement in the 1988 Nallurnad Service Cooperative Bank robbery in Wayanad, bringing closure to the 38-year-old case.