Treatment Via WhatsApp: വാട്സാപ്പ് വഴി ചികിത്സ; പത്തനംതിട്ടയിൽ ഏഴ് വയസുകാരന്റെ പ്ലാസ്റ്ററിട്ട കൈ പഴുത്തൊഴുകി
WhatsApp Diagnosis in Pathanamthitta: അസ്ഥിരോഗ വിദഗ്ധൻ ഇല്ലാത്തതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്‌ടറാണ് പരിശോധന നടത്തിയത്. ഇദ്ദേഹം എക്സറേയുടെ ഫോട്ടോ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർക്ക് അയച്ചുകൊടുക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വാട്ട്സാപ്പ് വഴി ചികിത്സ നടത്തിയതിനെ തുടർന്ന് ഏഴ് വയസുകാരന്റെ ചതവുണ്ടായ കൈ പഴുത്ത് ഒഴുകി. കൊടുന്തറ പടിഞ്ഞാറേ വിളയിൽ മനോജിൻ്റെയും രാധയുടെയും മകൻ മനുവാണ് ചികിത്സാ പിഴവുമൂലം ദുരിതത്തിലായത്. എക്‌സ്‌റേയുടെ ഫോട്ടോ കണ്ട പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശ പ്രകാരമായിരുന്നു ചികിത്സ നടത്തിയത്. കൈയ്യിലെ മുറിവ് വ്രണമായതോടെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഗസ്റ്റ് 28നാണ് സൈക്കിളിൽ നിന്ന് വീണ് മനുവിന്റെ കൈയ്ക്ക് പരിക്കുപറ്റുന്നത്. അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും കൈ നീരുവെച്ചിരുന്നു. അസ്ഥിരോഗ വിദഗ്ധൻ ഇല്ലാത്തതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്‌ടറാണ് പരിശോധന നടത്തിയത്. ഇദ്ദേഹം എക്സറേയുടെ ഫോട്ടോ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഡോക്ടർ നിർദേശിച്ചത് പ്രകാരം കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്ററിടുകയും ചെയ്തു.
തുടർന്ന് നാല് ദിവസത്തിന് ശേഷം മനു വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർ പ്ലാസ്റ്റർ മാറ്റി നോക്കാനോ കൂടുതൽ പരിശോധിക്കൂ തയ്യാറായില്ല. എല്ലിന് പൊട്ടൽ ഇല്ല, ചതവ് മാത്രമാണ് ഉള്ളതെന്ന് അറിഞ്ഞിട്ടും വേദനയ്ക്ക് മരുന്ന് നൽകി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വരാനാണ് ഡോക്ടർ നിർദേശിച്ചതെന്നും കുട്ടിയുടെ പിതാവ് മനോജ് പറയുന്നു. എന്നാൽ, അടുത്ത ദിവസമായപ്പോഴേക്കും വേദന രൂക്ഷമായി. തുടർന്ന് വീട്ടിൽ നിന്നും പ്ലാസ്റ്റർ അഴിച്ച് നോക്കിയപ്പോഴാണ് കൈയ്യിൽ നിന്നു പഴുപ്പും രക്തവും ഒഴുകിയത്.
ഉടനെ കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ നിർദേശ പ്രകാരം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഡിഎംഒയ്ക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം, ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ.എം എം ഷാനി പറഞ്ഞത്. പൊട്ടൽ ഇല്ലെന്ന് അറിഞ്ഞിട്ടും മുൻകരുതലായാണ് പ്ലാസ്റ്റർ ഇടാൻ നിർദേശിച്ചതെന്ന് സൂപ്രണ്ട് വിശദീകരിച്ചു.