Actress Assault Case: നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ, നടപടികൾ ഇന്നുതന്നെ തുടങ്ങും
Actress Assault Case Appeal In High Court: ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴിയും വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നടിയോട് ദിലീപിന് തീർത്താൽ തീരാത്ത ശത്രുതയുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തിനും തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Assault Case) അതിവേഗ അപ്പീലുമായി സംസ്ഥാന സർക്കാരിൻ്റെ നീക്കം. വിചാരണ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. അതുമായി ബന്ധപ്പെട്ട നടപടികൾ ഇന്നുതന്നെ ആരംഭിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാൽ നിയമോപദേശം നൽകുമെന്നാണ് ഇന്നലെ ഡിജിപി അറിയിച്ചത്. അപ്പീൽ സാധ്യത പരിശോധിച്ച് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിൻ്റെ നീക്കം.
അതേസമയം, അതിജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ നടൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ പറയുന്നത്. കൂടാതെ നടിയോട് ദിലീപിന് തീർത്താൽ തീരാത്ത ശത്രുതയുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തിനും തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ദിലീപുമായി സംസാരിച്ചില്ല എന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ലെന്നാണ് വിചാരണ കോടതിയുടെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറയുന്നത്.
Also Read: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
കാവ്യ മാധവനമായി അക്കാലത്തുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഭാര്യയായിരുന്ന മഞ്ജു വാര്യരോട് പറഞ്ഞിതിലുള്ള കടുത്ത വിരോധമാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകാനുള്ള കാരണം എന്നാണ് പ്രോസിക്യൂഷൻ്റെ ഭാഗം. എന്നാൽ നടിയുമായി ദിലീപിന് അത്ര അടുപ്പമുണ്ടായിരുന്നില്ലെങ്കിലും ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവ് കണ്ടെത്താൻ സാധിച്ചില്ല എന്നാണ് വിധിന്യായത്തിലുള്ളത്.
അതുപോലെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴിയും വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. അതിനിടെ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത ഇന്നലെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും തനിക്ക് കോടതിയിൽ വിശ്വാസമില്ലെന്നുമാണ് അതിജീവിത പോസ്റ്റിലൂടെ വ്യക്തമാക്കിയത്.