Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Actress Assault Case: ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇതിന് സാക്ഷികളിലെന്നും ഇക്കാര്യം നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു.
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശിക്ഷാ വിധി വന്നത്. ഇതിനു പിന്നാലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന അതിജീവിതയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിധി പകർപ്പിൽ പറയുന്നത്. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇതിന് സാക്ഷികളിലെന്നും ഇക്കാര്യം നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു.
2012-ൽ കൊച്ചിയിൽ വച്ച് ഒരു വിദേശ പരിപാടിയുടെ റിഹേഴ്സൽ നടന്നിരുന്നുവെന്നും അതിൽ ദിലീപും നടിയുമാണ് ലീഡിംഗ് റോളുകൾ ചെയ്തിരുന്നത്. എന്നാൽ അന്ന് തന്നോട് ദിലീപ് തന്നോടുള്ള വിരോധം കാരണം ഒന്നും സംസാരിച്ചില്ലെന്നും നടി മൊഴി നൽകിയിരുന്നു. സ്റ്റേജ് ഷോയ്ക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്നും നടി പറയുന്നു. എന്നാൽ ഇത് എങ്ങനെ വിശ്വാസയോഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്.
തന്റെടുത്ത് വന്ന് ദിലീപ്, കാവ്യയുമായുള്ള ബന്ധം എന്തിനാണ് മഞ്ജുവിനോട് പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു. ഇത് കേട്ട് മഞ്ജു തെളിവുകളുമായാണ് തൻ്റെയടുത്ത് വന്നതെന്നും അതെങ്ങെനെ താൻ നിരാകരിക്കുമെന്നും നടി ചോദിച്ചു. താൻ വിചാരിക്കുന്നവർ മാത്രമേ സിനിമയിൽ നിലനിൽക്കുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴിയിൽ പറയുന്നു. എന്നാൽ ഇത് എന്തുകൊണ്ട് മറ്റുള്ളവർ കേട്ടില്ലെന്നാണ് കോടതി ചോദിക്കുന്നത്. ആ വിദേശ യാത്ര ദിലീപ് ആണ് സംഘടിപ്പിച്ചത്. എന്നിട്ടും നടി യാത്ര തുടർന്നെന്നും യാത്രയിൽ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതി നിരീക്ഷിക്കുന്നു.
അതേസമയം കേസിൽ പോസിക്യൂഷന് കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. സംഭവത്തിനു തൊട്ടുമുൻപ് ഒന്നാം പ്രതിയായ പൾസർ സുനി ഫോണിൽ സംസരിച്ച ശ്രീലക്ഷ്മി എന്ന് പേരുളള യുവതിക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ല. ഈ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു.