Rahul Mamkootathil: ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും’: നടി റിനിക്ക് വധഭീഷണി
Rini Ann George Receives Death Threat : റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേരാണ് ഭീഷണി മുഴക്കിയത്. വീടിന്റെ ഗെയ്റ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി രംഗത്ത് എത്തിയ യുവനടി റിനി ആന്‍ ജോര്‍ജിന് വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേരാണ് ഭീഷണി മുഴക്കിയത്. വീടിന്റെ ഗെയ്റ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ റിനി പോലിസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു. പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ ഒരാൾ സ്‌കൂട്ടറിലെത്തി വീടിനു മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്നും ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമെടുത്ത് സ്ഥലം വിട്ടുവെന്നും നടി പറയുന്നു. എന്നാൽ ഇക്കാര്യം അത്ര കാര്യമാക്കിയില്ലെന്നും എന്നാൽ 10 മണിയോടെ മറ്റൊരാൾ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു.
Also Read:അതിവേഗ നീക്കം! രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകി രാഹുൽ
ഇയാളാണ് വധഭീഷണി മുഴക്കിയത് എന്നാണ് റിനി പറയുന്നത്. അതിനൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു. ഇതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയതിനു പിന്നാലെ അയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും റിനി പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെയാണ് റിനി പോലീസിൽ പരാതി നൽകിയത്.
ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത് എന്നാണ് നടി പറയുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ പേടിയൊന്നുമില്ല. ഇതൊന്നും കണ്ട് ഭയപ്പെടുന്ന വ്യക്തിയല്ല താനെന്നും റിനി പറഞ്ഞു.
അതേസമയം രാഹുലിനെതിരെ ആദ്യമായി രംഗത്ത് എത്തിയത് റിനി ആയിരുന്നു. മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നുമാണ് റിനി ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പരാതിക്കാരിയായ യുവതി വെളിപ്പെടുത്തലുകൾ നടത്തിയതും പരാതി നൽകിയതും.