Rini Ann George: വ്യക്തിപരമായി ആരുടെയും പേര് പറയാൻ ഉദ്ദേശിക്കുന്നില്ല, ഇപ്പോഴും സുഹൃത്തായാണ് കാണുന്നത്; റിനി ആൻ ജോർജ്
Actress Rini Ann George Responds: താൻ ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ സമൂഹം മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീടും പലരും ഇതേ ആരോപണവുമായി രംഗത്തെത്തി. ഏതെങ്കിലും ഒരു പാർട്ടി സ്പോൺസർ ചെയ്തിറക്കിയ കാര്യമല്ല ഇതെന്നും റിനി കൂട്ടിച്ചേർത്തു.

Rini Ann George
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടി റിനി ആൻ ജോർജ്. എൻ്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്നും, ഏതെങ്കിലും ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും റിനി ആൻ ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരത്തിൽ സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ സമൂഹം അതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കുകയും ഏറ്റെടുക്കുകയും വേണം.
താൻ ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ സമൂഹം മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീടും പലരും ഇതേ ആരോപണവുമായി രംഗത്തെത്തി. ഏതെങ്കിലും ഒരു പാർട്ടി സ്പോൺസർ ചെയ്തിറക്കിയ കാര്യമല്ല ഇതെന്നും റിനി കൂട്ടിച്ചേർത്തു. ഞാൻ ഇപ്പോഴും ആരുടെയും പോരോ പ്രസ്ഥാനമോ വ്യക്തിപരമായി എടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. എൻ്റെ യുദ്ധം ഒരു വ്യക്തിയോടുള്ളതല്ല. സമൂഹത്തിന് നൽകുന്ന തെറ്റായ പ്രവണതകളോടുള്ളതാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായതിൽ വിഷമമുണ്ട്.
രാഹുലിൻ്റെ രാജിയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, ഇക്കാര്യത്തിൽ തനിക്ക് വ്യക്തിപരമായി ഒരു അഭിപ്രായവുമില്ല, അത് ആ പ്രസ്ഥാനമാണ് തീരുമാനിക്കേണ്ടത്. സത്യസന്ധമായി അവർ എടുക്കുന്ന തീരുമാനത്തോട് മാത്രമെ താൻ യോജിക്കുകയുള്ളു. ഈ പറയുന്ന വ്യക്തി ഇനിയും നവീകരിക്കപ്പെടണമെന്നാണ് തനിക്ക് പറയാനുള്ളത്. ഇപ്പോഴും താൻ സുഹൃത്തായാണ് കാണുന്നത്. വീണ്ടും പറയുന്നു ഇക്കാര്യം വ്യക്തിപരമല്ല. ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിൽ എങ്ങനെയായിരിക്കണം എന്നുള്ളത് മാത്രമാണ് വിഷയം.
പേരു പറയുന്നില്ലെങ്കിലും റിനി ഉദ്ദേശിച്ചത് ഇയാളെ ആണെന്ന ചോദ്യത്തിന്, ഇക്കാര്യത്തിൽ താൻ മറുപടി പറയുന്നില്ല എന്നാണ് റിനി ആൻ ജോർജ് പറയുന്നത്. അതേസമയം, നിരവധി സ്ത്രീകള്‍ രാഹുലിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. രാഹുലിനൊപ്പം കോഴിയുടെ ചിത്രവും ചേർത്തുവച്ചാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്.