Amoebic Meningoencephalitis: തിരുവനന്തപുരത്ത് 13 വയസ്സുകാരന് മസ്തിഷ്‌ക ജ്വരം, കണ്ടെത്തിയത് നേത്ര പരിശോധനക്കെത്തിയപ്പോൾ
13-Year-Old Diagnosed with PAM: പ്രാദേശിക ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലും പരിസരത്തും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രദേശത്തെ മറ്റ് ആളുകൾക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) കേസുകൾ വർധിക്കുന്നതിനിടെ, തിരുവനന്തപുരത്ത് 13 വയസ്സുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ തുടർപരിശോധനകളിലാണ് രോഗം കണ്ടെത്താനായത്.
നാല് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പ്രാഥമിക രക്തപരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ജലസമ്പർക്കമില്ലാതെയും രോഗം
സാധാരണയായി, കെട്ടിക്കിടക്കുന്നതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ അകത്ത് കയറുമ്പോളാണ് ഈ രോഗത്തിന് കാരണമാകുന്ന അമീബ (Naegleria fowleri പോലുള്ളവ) തലച്ചോറിലെത്തുന്നത്. എന്നാൽ, രോഗം സ്ഥിരീകരിച്ച കുട്ടിക്ക് പുറത്തുള്ള ജലാശയങ്ങളുമായി സമ്പർക്കമുണ്ടായിട്ടില്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇത്, സംസ്ഥാനത്തെ പല കേസുകളിലും സംഭവിക്കുന്നതുപോലെ, അണുബാധയുടെ ഉറവിടം സംബന്ധിച്ച് ആരോഗ്യവകുപ്പിന് ആശയക്കുഴപ്പമുണ്ടാക്കുന്നു.
പ്രതിരോധം തീവ്രമാക്കുന്നു
രോഗം സ്ഥിരീകരിച്ചതോടെ തീരദേശ മേഖലയിൽ ജാഗ്രത വർധിപ്പിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലും പരിസരത്തും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രദേശത്തെ മറ്റ് ആളുകൾക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.