Amoebic Meningitis: രണ്ട് മാസം മുമ്പ് വിദേശത്ത് നിന്നും നാട്ടിലെത്തി, രണ്ടിടത്ത് മാറി താമസിച്ചു; ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം, ഉറവിടം വ്യക്തമല്ല
Amoebic Meningoencephalitis Confirmed in Alappuzha : കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നാണോ രോഗം ബാധിച്ചത് എന്ന കാര്യവും അധികൃതർ അന്വേഷിക്കുന്നുണ്ട്.
ആലപ്പുഴ: തണ്ണീർമുക്കം വാരനാട് സ്വദേശിയായ 10 വയസ്സുകാരന് അപൂർവമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം വന്ന കുട്ടി വിദേശത്തായിരുന്നു താമസം.
രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. അതിനുശേഷം തണ്ണീർമുക്കത്തെ സ്വന്തം വീട്ടിലും പള്ളിപ്പുറത്തെ അമ്മയുടെ വീട്ടിലുമായി മാറിമാറി താമസിച്ചിരുന്നു. അതിനാൽ രോഗം എവിടെ നിന്നാണ് പിടിപെട്ടതെന്ന് വ്യക്തമല്ല. കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നാണോ രോഗം ബാധിച്ചത് എന്ന കാര്യവും അധികൃതർ അന്വേഷിക്കുന്നുണ്ട്.
ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
ഈ സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കുട്ടി താമസിച്ചിരുന്ന തണ്ണീർമുക്കം, പള്ളിപ്പുറം പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമല്ലാത്ത വെള്ളക്കെട്ടുകൾ, കുളങ്ങൾ, ക്ലോറിനേഷൻ ചെയ്യാത്ത നീന്തൽക്കുളങ്ങൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ ചെയ്യരുത്.
Also Read:സര്‍ക്കാരിന് കുരുക്ക്, കിഫ്ബി മസാല ബോണ്ടില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ്
മലിനമായ വെള്ളം മൂക്കിൽ കടക്കുന്നത് ഒഴിവാക്കുക. കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ വിരലുകൾ ഉപയോഗിച്ച് മൂക്ക് അടച്ചുപിടിക്കുകയോ ‘നോസ് പ്ലഗ്’ ഉപയോഗിക്കുകയോ ചെയ്യണം. പായലുകളുള്ള വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക. മലിനമായ ജലത്തിൽ നിന്ന് അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് നാഡികൾ വഴി തലച്ചോറിൽ എത്തുകയാണ് ചെയ്യുന്നത്.
ഇത് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളാണ് ആദ്യം കാണിക്കുകയെങ്കിലും, അമീബയാണ് കാരണം എങ്കിൽ അസുഖം പെട്ടെന്ന് മൂർച്ഛിക്കാനും മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. നേരത്തെ ആലപ്പുഴയിലും പൂച്ചാക്കലിലും ഈ രോഗം ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജില്ലയിലെ എല്ലാ ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണമെന്നും, കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാൻ ഇറങ്ങുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി.