Amoebic Meningoencephalitis: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി
Kerala Amoebic meningoencephalitis: ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധിപേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കുകൂടി അമീബിക്ക് മസ്തിഷ്ക ജ്വരം (Amoebic meningoencephalitis) സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് അടച്ചു. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുളിച്ചിരുന്നതായാണ് വിവരം.
ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധിപേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസ്സുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ചികിത്സയിലുള്ളത് പതിനൊന്ന് പേരാണ്. ഈ വർഷം മാത്രം സംസ്ഥാനത്ത് 66 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ 17 പേർ മരിച്ചെന്നുമാണ് ആരോഗ്യ വകുപ്പിൻ്റെ സ്ഥിരീകരണം. തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും രണ്ട് മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിൻറെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്. ഈ വർഷം ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആകെ 19 പേർക്ക് രോഗബാധയും ഏഴ് മരണവും സ്ഥിരീകരിച്ചു.