Anganwadi worker Death: റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ അങ്കണവാടി ജീവനക്കാരി ലോറി കയറി മരിച്ചു
Anganwadi worker death: കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ പാലക്കാട് - പൊള്ളാച്ചി അന്തർസംസ്ഥാന പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെയ്ന്റ് പോൾസ് സ്കൂളിനു സമീപത്തായിരുന്നു അപകടം.
പാലക്കാട് റോഡിലെ കുഴിയിൽപ്പെട്ട് ബൈക്കിൽ നിന്ന് തെറിച്ച് വീണ യുവതി ലോറി കയറി മരിച്ചു. അങ്കണവാടി ജീവനക്കാരിയായ പഴണിയാർപാളയം ലൈബ്രറി സ്ട്രീറ്റ് സ്വദേശി ജയന്തി മാർട്ടിനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ പാലക്കാട് – പൊള്ളാച്ചി അന്തർസംസ്ഥാന പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെയ്ന്റ് പോൾസ് സ്കൂളിനു സമീപത്തായിരുന്നു അപകടം. ബൈക്കില്‍ നിന്നും തെറിച്ചുവീണ ജയന്തിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പഴണിയാർപാളയത്തുനിന്നും കൊഴിഞ്ഞാമ്പാറയിലേക്ക് ഭർത്താവ് ചാർളിയോടൊപ്പം ബൈക്കിൽ വരികയായിരുന്നു. മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ വലിയ കുഴിയിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ ജയന്തിയുടെ ശരീരത്തിലൂടെ പുറകിൽ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.
ചാർളി സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകൽ അങ്കണവാടി ഹെൽപ്പറാണ് ജയന്തി മാർട്ടിൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പലതവണ കുഴി അടക്കാന്‍ അധികാരികളെ സമീപിച്ചെങ്കിലും അതിനുള്ള നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഭർത്താവ് ചാർളി സ്റ്റീഫൻ, മക്കൾ: ആന്റോ ആകാശ്, ആന്റണി വസന്ത്, ആൻസി ഭവി.