Amebic Meningoencephalitis : മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള ടെസ്റ്റ് വിജയം, ഇത് നിർണായക ചുവടുവയ്പ്പ്
Test for 5 Brain-Infecting Amoebae Proves Successful: സംസ്ഥാനത്ത് തന്നെ രോഗനിർണയം സാധ്യമായതോടെ ചികിത്സയ്ക്കും അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും ഇത് വലിയ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. "അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

തിരുവനന്തപുരം: മസ്തിഷ്‌കത്തെ ബാധിക്കുന്ന മാരകമായ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താൻ സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗസ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത് രോഗനിർണയത്തിലും പ്രതിരോധത്തിലും കേരളത്തിന് നിർണായകമായ ചുവടുവയ്പ്പാണെന്ന് മന്ത്രി വ്യക്തമാക്കി.
അമീബ കണ്ടെത്താൻ നൂതന ലാബ്
മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അഞ്ച് തരം അമീബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താൻ കഴിയുന്ന പിസിആർ ലാബാണ് സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ സജ്ജീകരിച്ചിരുന്നത്. ഈ ലാബിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ വിജയകരമായി കണ്ടെത്തി രോഗം സ്ഥിരീകരിച്ചത്. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു ഇത്തരം രോഗങ്ങൾ സ്ഥിരീകരിച്ചിരുന്നത്.
ചികിത്സയ്ക്കും ഗവേഷണത്തിനും സഹായകരം
സംസ്ഥാനത്ത് തന്നെ രോഗനിർണയം സാധ്യമായതോടെ ചികിത്സയ്ക്കും അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും ഇത് വലിയ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. “അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തിൽ 97 ശതമാനം മരണനിരക്കുള്ള ഈ രോഗത്തിൻ്റെ മരണനിരക്ക് മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിന് 23 ശതമാനമായി കുറയ്ക്കാൻ സാധിച്ചു,” മന്ത്രി കൂട്ടിച്ചേർത്തു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അവർ ചൂണ്ടിക്കാട്ടി.
സമഗ്ര ആക്ഷൻ പ്ലാൻ
അമീബയെ പ്രതിരോധിക്കാനായി ‘ഏക ആരോഗ്യം’ (വൺ ഹെൽത്ത്) എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായ ആക്ഷൻ പ്ലാൻ സംസ്ഥാനം പുതുക്കിയിരുന്നു. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്രമായ ഒരു ആക്ഷൻ പ്ലാനാണ് ഇതിലൂടെ തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിന് പുറമേ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗനിർണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇത് രോഗനിർണയ ശേഷി വർദ്ധിപ്പിക്കാനും കൂടുതൽ വേഗത്തിൽ രോഗികളെ തിരിച്ചറിയാനും സഹായിക്കും.