Ganja Raid: ഉടമസ്ഥരില്ലാത്ത ബാഗുകൾ പിന്നെയും, രണ്ട് ദിവസം കൊണ്ട് 10 ലക്ഷത്തിൻറെ കഞ്ചാവ്
ശബരി എക്സ്പ്രസ്സിന്റെ മുൻഭാഗത്തെ ജനറൽ കമ്പാർട്ട്മെൻറിൽ നിന്നുമാണ് ശനിയാഴ്ച ഉമസ്ഥനില്ലാത്ത ബാഗ് കണ്ടെടുത്തത്

കണ്ടെത്തിയ കഞ്ചാവ്
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാതെ ലഭിക്കുന്ന ബാഗുകളുടെ എണ്ണം കൂടി വരികയാണ്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്സിന്റെ മുൻഭാഗത്തെ ജനറൽ കമ്പാർട്ട്മെൻറിൽ നിന്നുമാണ് ശനിയാഴ്ച ഉമസ്ഥനില്ലാത്ത ബാഗ് കണ്ടെടുത്തത്. ബാഗിൽ എട്ടുകെട്ടുകളിലായി 8.8 കിലോ കഞ്ചാവും കണ്ടെത്തി.
ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു ചേർന്ന ട്രെയിനിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
പിടി കൂടിയ കഞ്ചാവിന് നാലര ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് പ്ലാറ്റ് ഫോമിലെ സീറ്റിൽ ഉപേക്ഷിച്ച ബാഗിൽ നിന്നും ആറ് ലക്ഷത്തോളം വിലയുടെ കഞ്ചാവ് കണ്ടെത്തിയത്. പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങൾക്കടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗുണ്ടായിരുന്നത്.
ശനിയാഴ്ചയും കഞ്ചാവ് കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് പോലീസ്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.ജിജി പോളിന്റെയും ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.ദീപക്കിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ.പി, എക്സൈസ് പ്രിവെന്റിവ് ഓഫീസർ രാകേഷ് എന്നിവരാണുണ്ടായിരുന്നത്.