Rahul Easwar: ഒടുവില്‍ രാഹുല്‍ ഈശ്വര്‍ പുറത്തേക്ക്, 16 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം
Rahul Easwar gets bail: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളില്‍ അകപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയത്. 16 ദിവസമായി ജയിലില്‍ കിടക്കുകയാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
Also Read: Rahul Mamkoottathi: രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം; സർക്കാർ അപ്പീലിൽ വാദം മാറ്റി
ഇനി എന്തിനാണ് കസ്റ്റഡിയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 11നാണ് രാഹുലിനെ വീണ്ടും റിമാന്‍ഡ് ചെയ്തത്. നേരത്തെ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ രണ്ട് തവണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷയില്‍ ഇന്ന് വീണ്ടും വാദം നടന്നത്.
നവംബര്‍ 30നാണ് ചോദ്യം ചെയ്യുന്നതിനായി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. രാഹുലിന് പുറമെ സന്ദീപ് വാര്യര്‍, രഞ്ജിത പുളിക്കന്‍, അഡ്വ. ദീപ ജോസഫ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇതില്‍ രാഹുല്‍ മാത്രമാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തത് അന്യായമായാണെന്ന് ആരോപിച്ച് രാഹുല്‍ ജയിലില്‍ നിരാഹാര സമരം കിടന്നിരുന്നു.