Antony Raju: തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
Antony Raju Appeal considered today: കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യത്തിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുന്നത്. കേസിൽ രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായിരുന്നു.
എന്നാൽ, കോടതി ശിക്ഷ സ്റ്റേ ചെയ്താൽ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനത്തേക്ക് തിരിച്ചെത്താം. കൂടാതെ, നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല. വിധി അനുകൂലമല്ലെങ്കിൽ വൻ തിരിച്ചടിയാകും. കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
ALSO READ: ‘ശിക്ഷ റദ്ദാക്കണം’; തൊണ്ടിമുതൽ കേസിൽ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു
1990 ഏപ്രില്‍ 4നാണ് കേസിനാസ്പദമായ സംഭവം. അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻ്റണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻ്റണി രാജു ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്ന് പുറത്തേക്കെടുത്തി മാറ്റിവയ്ക്കുകയായിരുന്നു.
തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ച് നാല് വർഷത്തിന് ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെ വിട്ടു. എന്നാൽ തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. കൃത്രിമം നടന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വിജിലന്‍സും നൽകി. ഇതോടെ 2006ല്‍ ഫെബ്രുവരി 13ന് കേസ് പരിഗണിക്കുകയും ജോസ് ഒന്നാം പ്രതിയും ആന്‍റണി രാജു രണ്ടാം പ്രതിയുമാവുകയായിരുന്നു.