എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണത്തില്‍ ഇന്ന് തീരുമാനമുണ്ടാകും
SHO CI Prathapachandran Suspended: ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദേശം നല്‍കി. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കൊച്ചി: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ അരൂര്‍ എസ്എച്ച്ഒ സിഐ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒ ആയിരിക്കെയാണ് പ്രതാപചന്ദ്രന്‍ യുവതിയെ മര്‍ദിച്ചത്. ദക്ഷിണ മേഖല ഐജി ശ്യം സുന്ദറാണ് പ്രതാപചന്ദ്രനെതിരെ നടപടിയെടുത്തത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഷന്‍. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയെ പ്രതാപചന്ദ്രന്‍ അടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദേശം നല്‍കി. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നിലവില്‍ അന്വേഷണ വിധേയമായിട്ടാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
പ്രതാപചന്ദ്രന്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സമയത്ത് ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ചുതള്ളുകയും ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. 2024 ജൂണിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് യുവതിയും ഭര്‍ത്താവും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങള്‍ ലഭിക്കുന്നത്.
Also Read: കൈക്കുഞ്ഞുമായി എത്തിയ ഗർഭിണിയുടെ മുഖത്തടിച്ച് സിഐ; എറണാകുളം നോർത്ത് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചിയില്‍ ലോഡ്ജ് നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോളാണ് പരാതിക്കാരി. ഇവരെ പോലീസുകാര്‍ വളഞ്ഞ് പിടിച്ചിരിക്കുന്നതില്‍ നിന്നാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. പിന്നാലെ എസ്എച്ച്ഒ ഇവരെ നെഞ്ചില്‍ പിടിച്ച് തള്ളുകയും, ശേഷം മുഖത്തടിക്കുകയും ചെയ്തു. ലോഡ്ജിനടുത്ത് നിന്ന് ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ഫോണില്‍ ചിത്രീകരിച്ചതിന് ഷൈമോളുടെ ഭര്‍ത്താവ് ബെഞ്ചോയെ പോലീസ് അകാരണായി കസ്റ്റഡിയില്‍ എടുത്തത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു അവര്‍.