Aryanad Panchayat Member Death: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സൂചന
Aryanad Panchayat Ward Member Found Dead: രാവിലെ വീട്ടിൽ വച്ച് ശ്രീജ ആസിഡ് കുടിക്കുകയായിരുന്നു. ഇത് കണ്ട വീട്ടുകാർ ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. എസ് ശ്രീജയെ (48) ആണ് വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇന്ന് (ഓഗസ്റ്റ് 26) രാവിലെ വീട്ടിൽ വച്ച് ശ്രീജ ആസിഡ് കുടിക്കുകയായിരുന്നു. ഇത് കണ്ട വീട്ടുകാർ ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരം. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നേരത്തെ ശ്രീജയ്ക്കെതിരെ ചിലർ വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നു എന്നാണ് വിവരം. ഇതേതുടർന്ന് മൂന്ന് മാസം മുമ്പും ശ്രീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ALSO READ: കോഴിക്കോട് വിജിൽ കൊലപാതക കേസ്; അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി
ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിലും കോൺഗ്രസ് അംഗമായ ശ്രീജയ്ക്കെതിരെ പരാമർശമുണ്ടായിരുന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.