Asha Workers: ആയിരം രൂപ വളരെ കുറവ്, പെൻഷൻ ആനുകൂല്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല; സമരം തുടരുമെന്ന് ആശമാർ
Asha Workers On Honorarium Hike: ആയിരം രൂപ ഓണറേറിയം വർധിപ്പിച്ചത് വളരെ കുറവാണെന്ന് ആശമാർ. തുച്ഛമായ വർധനയാണ് ഇതെന്ന് ആശമാർ പറഞ്ഞു.

പ്രതീകാത്മക ചിത്രം
ഓണറേറിയമായി ആയിരം രൂപ കൂട്ടിയത് പോരെന്ന് ആശമാർ. സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെങ്കിലും തുച്ഛമായ വർധനയാണ് ഇതെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിമാസം 1000 രൂപ വർധനയെന്നാൽ ശരാശരി ഒരു ദിവസം 33 രൂപയാണ് വർധിക്കുന്നത്. അതായത്, ഒരു ദിവസം 233 രൂപ എന്നത് 266 രൂപയായി ഉയരും.
ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യവുമായുള്ള ആശമാരുടെ സമരം ഇന്ന് 263ആം ദിവസമാണ്. സമരപ്പന്തലിൽ വച്ചാണ് ആശമാർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. ആയിരം രൂപ എന്ന് നീട്ടിപ്പറയുന്നുണ്ട്. പക്ഷേ, അത് ഹരിച്ച് മുഖ്യമന്ത്രി ഒന്ന് നോക്കണം, എത്ര രൂപയാണെന്ന്. 33 രൂപ കൊടുത്താൽ ഒരുകിലോ അരി കിട്ടുമോ എന്നത് മുഖ്യമന്ത്രി ഒന്ന് ചിന്തിക്കണം. അതാണ് പറയാനുള്ളത് എന്നും ആശമാർ പറഞ്ഞു.
Also Read: Welfare Pension Hiked: വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ; ക്ഷേമ പെൻഷൻ വർധിപ്പിച്ചു
സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. സമരം തുടരും. സമരത്തിൻ്റെ രൂപമെന്താണെന്ന് അടുത്ത ദിവസം തീരുമാനിക്കും. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചുകഴിഞ്ഞു. ഇത് പലർക്കുമുള്ള മറുപടിയാണ്. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വേതനം കുടിശ്ശികയാണെന്നും സർക്കാർ സമ്മതിച്ചു. അപ്പോൾ ഞങ്ങൾ പറഞ്ഞതൊക്കെ കൃത്യമാണെന്ന് തെളിഞ്ഞു. 700 രൂപ ദിവസവേതനം നൽകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അത് കിട്ടുന്നത് വരെ സമരം തുടരും. വിരമിക്കൽ ആനുകൂല്യത്തെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും മിനി പ്രതികരിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി വിവിധ ജനക്ഷേമ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷനുകൾ 400 രൂപ വർധിപ്പിച്ച് 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. പ്രതിവർഷം 13,000 കോടി രൂപയായി ഇതിനായി നീക്കിവെക്കുക.