Athulya Satheesh Death: അതുല്യയുടെ മരണം ജന്മദിനത്തിൽ; ‘സ്ത്രീധനത്തിന്‍റെ പേരിലും ക്രൂരമായി പീഡിപ്പിച്ചു’; സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസ്
Athulya Satheesh Death: ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും സതീഷിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.

അതുല്യയും സതീഷും
കൊല്ലം: ഷാർജയിൽ കൊല്ലം ചവറ സ്വദേശിനി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സ്ത്രീധനത്തിന്‍റെ പേരിലും സതീഷ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും സതീഷിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
ഭർത്താവ് സതീഷിനൊപ്പം ഷാർജയിൽ കഴിയുകയായിരുന്ന അതുല്യ വെള്ളിയാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച അതുല്യയുടെ പിറന്നാള്‍ ദിവസം കൂടിയാണ്. പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്നാണ് അതുല്യയുടെ കുടുംബം ആരോപിക്കുന്നത്. അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസിൽ ഹാജരാക്കിയിരുന്നു.
മരണത്തിന് തൊട്ടുമുൻപുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോകളും അതുല്യ സഹോദരിയ്ക്ക് അയച്ചുനല്‍കിയിരുന്നു. വീഡിയോയിൽ സതീഷ് മദ്യപിക്കുന്നതും, അശ്ലീലം സംസാരിക്കുന്നതും അടിക്കുന്നതുമെല്ലാം കാണാം. ഇതിനു പുറമെ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം.
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞത് മുതൽ മകൾ എല്ലാം സഹിക്കുകയായിരുന്നുവെന്നുമാണ് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു. അതുല്യയെ ഭര്‍ത്താവ് സതീഷ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. സ്ഥിരം മദ്യപാനിയായ സതീഷ് മദ്യം അമിതമായാൽ അക്രമാസക്തനാകും. 11 വർഷം മുൻപായിരുന്നു അതുല്യയുടെയും സതീഷിന്റെയും വിവാഹം. ഇരുവർക്കും പത്ത് വയസുള്ള മകളുണ്ട്. രണ്ട് വർഷമായി ദുബായിലായിരുന്ന അതുല്യ മൂന്നുമാസം മുൻപ് നാട്ടിൽ നിന്ന് തിരികെ പോയിരുന്നു.