Footballer Arrested in Kochi: മുൻകാമുകിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബാംഗ്ലൂർ നോർത്ത് എഫ്സി താരം കൊച്ചിയിൽ അറസ്റ്റിൽ
Bengaluru North FC Player Arrested in Kochi: മുൻകാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.

ഹോബിൻ
കൊച്ചി: മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഫുട്ബോൾ താരം അറസ്റ്റിൽ. കൊട്ടാരക്കര കരിക്കോം സ്വദേശി കെ കെ ഹോബിനെ (23) ആണ് കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നോർത്ത് ഫുട്ബോൾ ക്ലബിലെ കളിക്കാരൻ കൂടിയാണ് ഹോബിൻ.
മുൻകാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ഏപ്രിൽ 11നാണ് യുവതി കൊച്ചി സൈബർ പോലീസ് സ്റ്റേഷനിലെത്തി ഹോബിനെതിരെ പരാതി നൽകിയത്.
സൈബർ പോലീസ് കേസടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ഹോബിൻ എറണാകുളം സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് ഹോബിൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
ALSO READ: വായിൽ തുണി തിരുകി, കൈകൾ കെട്ടിയിട്ടു; വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
വനിതാ ഡോക്ടറെ ക്ലിനിക്കിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സൽദാനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പത്തനാപുരത്തെ ഡെന്റൽ ക്ലിനിക്കിൽ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.
ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയം നോക്കി എത്തിയ സൽദാൻ, വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായിൽ തുണി തിരുകി കയറ്റി, കൈകൾ കെട്ടിയിടുകയായിരുന്നു. ഡോക്ടർ ബഹളം വെച്ചതോടെ ക്ലിനിക്കിലെ ജീവനക്കാർ ഓടിയെത്തി. തുടർന്ന്, സൽദാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ സൽദാനെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.