Neduvathoor Well Accident: മദ്യപിച്ച് തർക്കം, അർച്ചന കിണറ്റിൽച്ചാടി…; ശിവകൃഷ്ണൻ്റെ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം
Kollam Neduvathoor Well Accident: അർച്ചനയെ സുരക്ഷിതമായി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായ കിണറിടിഞ്ഞുവീണ് അപകടമുണ്ടായത്. കിണറിൻ്റെ അരികിൽ നിന്ന് എല്ലാവരും മാറണമെന്ന നിർദ്ദേശം ശിവകൃഷ്ണൻ കേൾക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
കൊല്ലം: കിണറ്റിൽച്ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറിടിഞ്ഞ് വീണ് മൂന്നുപേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ശിവകൃഷ്ണനെതിരെ നാട്ടുകാർ. ‘ശിവകൃഷ്ണന്റെ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം’ എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. യുവതിയുടെ സുഹൃത്തായ ശിവകൃഷ്ണന്റെ അശ്രദ്ധയും ഇയാൾ കിണറിനടുത്തേക്ക് പോയതുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെയും ദൃക്‌സാക്ഷികളും സംഭവത്തിൽ പ്രതികരിച്ചത്.
നെടുവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ, കൊട്ടാരക്കര അഗ്നിരക്ഷാസേന യൂണിറ്റിലെ ഉദ്യോഗസ്ഥൻ സോണി എസ് കുമാർ എന്നിവരാണ് ഇന്നലെ കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഞായറാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. അർച്ചന കിണറ്റിൽ ചാടിയ വിവരം മക്കളാണ് അധികൃതരെ അറിയിക്കുന്നത്. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്യപിച്ചുള്ള തർക്കമാണ് അർച്ചന കിണറ്റിൽ ചാടിയത്
അർച്ചനയും മൂന്നു മക്കളും മാത്രമാണ് നെടുവത്തൂരിലെ വീട്ടിൽ താമസിക്കുന്നത്. അർച്ചനയുടെ സുഹൃത്താണ് ശിവകൃഷ്ണൻ. ഇയാൾ ഇവിടേക്ക് ഇടയ്ക്കിടെ വരാറുണ്ടെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ മദ്യക്കുപ്പിയുമായാണ് ഇയാൾ വീട്ടിൽവന്നത്. തുടർന്ന് വൈകുന്നേരം വരെ മദ്യപിക്കുകയായിരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് മദ്യക്കുപ്പി കാണാതായതാണ് വഴക്കിന് തുടക്കമായത്.
വീട്ടിനുള്ളിൽവെച്ച മദ്യക്കുപ്പി അർച്ചന മാറ്റിവെച്ചെന്നാണ് ഇയാളുടെ ആരോപണം. ഇതേച്ചൊല്ലി ഇരുവരും വലിയ തർക്കവും ഒടുവിൽ വഴക്കുമായി. തുടർന്ന് അർച്ചനയെ ശിവകൃഷ്ണൻ മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റതിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. മർദ്ദനം സഹിക്കാൻ വയ്യാതെയാണ് അർച്ചന കിണറ്റിൽച്ചാടിയത്. പിന്നീട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. മരണപ്പെട്ട സോണിയാണ് അർച്ചനയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയത്.
അപകടത്തിന് തൊട്ടുമുമ്പ് അഗ്നിരക്ഷാസേനാംഗങ്ങൾ അർച്ചനയുമായി സംസാരിച്ചതായും വിവരമുണ്ട്. തുടർന്ന് അർച്ചനയെ സുരക്ഷിതമായി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായ കിണറിടിഞ്ഞുവീണ് അപകടമുണ്ടായത്. കിണറിൻ്റെ അരികിൽ നിന്ന് എല്ലാവരും മാറണമെന്ന നിർദ്ദേശം ശിവകൃഷ്ണൻ കേൾക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.